stars

കൊച്ചി: 'യഹൂദിയായിലെ ഒരു ഗ്രാമത്തിൽ','സൈലന്റ് നൈറ്റ്, ഹോളി നൈറ്റ്'...നാടാകെ തിരുപ്പിറവിയുടെ ഈരടികൾ ഉയർന്നു കേട്ടു തുടങ്ങി. വീണ്ടുമൊരു ക്രിസ്മസ്‌ കാലത്തെ വരവേറ്റ് വിപണികളും ഉഷാർ. നാടാകെ നക്ഷത്രവിളക്കുകൾ തെളിഞ്ഞു. ക്രിസ്മസ് ട്രീ സ്വന്തമാക്കാനും കരോൾസംഘത്തെ അണിയിച്ചൊരുക്കാൻ സാന്താക്ലോസിന്റെ വസ്ത്രങ്ങൾ തേടിയും കടകളിൽ തിരക്ക് തുടങ്ങി. നക്ഷത്രങ്ങൾ, ക്രിസ്മസ് പാപ്പയുടെ വേഷങ്ങൾ, ക്രിസ്മസ് ട്രീ, വർണപ്പകിട്ടേകാൻ എൽ.ഇ.ഡി നക്ഷത്രങ്ങൾ, ലൈറ്റുകൾ, ക്രിസ്മസ് കാർഡുകൾ, ബലൂണുകൾ, വിവിധ രുചികളിലെ കേക്കുകൾ എന്നുവേണ്ട എല്ലാ ക്രിസ്മസ് ഉത്പന്നങ്ങളുമായി വിപണി സജീവം.

മിഴി തുറന്ന് നക്ഷത്രം

സംസ്ഥാനത്തെ പ്രധാന ക്രിസ്മസ് വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന നക്ഷത്രങ്ങളാണ് വിൽപ്പനയ്‌ക്കെത്തിച്ചിട്ടുള്ളത്. കഴിഞ്ഞ തവണത്തെ പോലെ എൽ.ഇ.ഡി ബൾബുകൾ ഘടിപ്പിച്ച നക്ഷത്രങ്ങൾ തന്നെയാണ് ഇക്കുറിയും താരം. 250 രൂപ മുതലാണ് വില. 25 രൂപയുടെ ചെറിയ നക്ഷത്രങ്ങൾ മുതൽ 750 രൂപ വിലവരുന്ന ചൈനീസ് നക്ഷത്രങ്ങൾ വരെ വിപണിയിലുണ്ട്. ആവശ്യക്കാർ ഏറെയുള്ള പരമ്പരാഗത വാൽ നക്ഷത്രങ്ങളുടെ എണ്ണത്തിലും ഇത്തവണ കുറവ് വരുത്തിയിട്ടില്ല. പ്ലാസ്റ്റിക് പേപ്പറുകൊണ്ട് നിർമ്മിച്ച വിവിധ വർണത്തിലും വലിപ്പത്തിലുള്ളതുമായ നക്ഷത്രങ്ങളാണ് മറ്റൊരു ആകർഷണം. കഴിഞ്ഞ വർഷം വിപണിൽ തിളങ്ങിയ നിയോൺ നക്ഷത്രങ്ങൾക്കും ആവശ്യക്കാരുണ്ട്. എന്നാൽ 1000ന് മുകളിലാണ് ഇവയുടെ വില. അടുത്തിടെ പുറത്തിറങ്ങിയ സിമികളുടെ പേരിലാണ് വിൽപ്പന. നക്ഷത്രവിപണിയിൽ കടലാസ് നക്ഷത്രങ്ങളെക്കാളും പ്ലാസ്റ്റിക് കവചമുള്ള നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാരെന്ന് വ്യാപാരികൾ പറയുന്നു. വില അൽപ്പം കൂടിയാലും മഴയത്തും വെയിലത്തും ഉപയോഗിക്കാമെന്ന പ്രത്യേകതയാണ് ആളുകളെ ഇത്തരം നക്ഷത്രങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്നത്. 300 രൂപ മുതലാണ് ഇവയുടെ വില.

തിരക്കേറി

ക്രിസ്മസ് ഇനി ഒരാഴ്ചയിലും അധികം ദിവസമുണ്ടെങ്കിലും ഉത്പന്നങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് വർദ്ധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. ക്രിസ്മസ് പാപ്പയുടെ വസ്ത്രങ്ങൾക്ക് 100 രൂപ മുതലാണ് വില. വലിപ്പമനുസരിച്ചും ഗുണനിലവാരം അനുസരിച്ചും വില കൂടും.

പുൽക്കൂടിന് 300 മുതൽ

പുൽക്കൂട്ടിൽ വയ്ക്കുന്ന ഉണ്ണിയേശു ഉൾപ്പടെയുളള ഒരു സെറ്റ് പ്രതിമകൾക്ക് 300 രൂപ വരെ വിലയുണ്ട്. വലിപ്പമനുസരിച്ച് ഇവയുടെ വിലയിലും മാറ്റം വരുന്നുണ്ട്. വലിയ സെറ്റിന് 1200 രൂപവരെ വിലയുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ റെഡിമെയ്ഡ് പൂൽക്കൂടിനാണ് ഏറെ ആവശ്യക്കാർ ഉണ്ടായിരുന്നത്.500 മുതൽ 2500 വരെയുള്ള ട്രീകൾ ലഭ്യമാണ്. അലങ്കരിച്ചൊരുക്കിയ ട്രീകളാണ് ക്രിസ്മസ് ട്രീ വിപണിയെ താരം. ആശംസാ കാർഡും എത്തിയിട്ടുണ്ട്. പത്ത് രൂപയുടെ ചെറിയ കാർഡ് മുതൽ ആയിരം രൂപ വിലമതിക്കുന്ന ആശംസ കാർഡുകളും വിപണിയിലുണ്ട്.