
ചോറ് ഉണ്ടാക്കാൻ എളുപ്പമാണ്. എന്നാൽ അതിനൊപ്പം കഴിക്കാൻ നല്ലൊരു കറിയുണ്ടാക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ളതും സമയമെടുക്കുന്നതുമായ കാര്യമാണ്. പ്രത്യേകിച്ചും രാവിലെ കുട്ടികൾക്ക് സ്കൂളിൽ ഭക്ഷണം കൊടുത്ത് വിടേണ്ടവർക്കും ജോലിക്ക് പോകുന്നവർക്കും ഇതൊരു വലിയ പണി തന്നെയാണ്. ഇങ്ങനെയുള്ളവർക്ക് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതും വളരെയധികം രുചികരവുമായ ഒരു ചമ്മന്തിയെ പറ്റിയാണ് പറയാൻ പോകുന്നത്. ചോറിനൊപ്പം മാത്രമല്ല, രാവിലത്തെ പലഹാരങ്ങൾക്കൊപ്പവും ഈ ചമ്മന്തി കഴിക്കാം. മാത്രമല്ല, ഫ്രിഡ്‌ജിൽ വച്ചാൽ ഒരാഴ്ചയോളം കേടുവരാതെയുമിരിക്കും. ഈ ചമ്മന്തി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
ഉണക്ക മുളക് - 7 എണ്ണം
ചെറിയ ഉള്ളി - 200 ഗ്രാം / 50 എണ്ണം
വാളൻ പുളി - 15 ഗ്രാം
കറിവേപ്പില - ഒരുപിടി
ഉപ്പ് - 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ഉണക്ക മുളക് വറുത്തെടുക്കണം. വറുക്കുമ്പോൾ കരിഞ്ഞുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മുളക് എണ്ണയിൽ നിന്ന് കോരി മറ്റൊരു പാത്രത്തിൽ തണുക്കാൻ വയ്‌ക്കണം. ശേഷം അതേ എണ്ണയിലേയ്‌ക്ക് ചെറിയ ഉള്ളി, വാളൻ പുളി, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നത് വരെ വഴറ്റിയെടുക്കണം. ശേഷം മിക്സിയുടെ ജാറിലേയ്‌ക്ക് നേരത്തേ വറുത്തു വച്ച മുളകിട്ട് തരിയായി പൊടിച്ചെടുക്കുക. ഇതിലേയ്‌ക്ക് ഉള്ളിക്കൂട്ട് കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ ചമ്മന്തി ചോറ്, ദോശ, ഇഡലി എന്നിവയ്‌ക്കൊപ്പം കഴിക്കാവുന്നതാണ്.