members

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ ചെയർമാനും അംഗങ്ങളും തമ്മിലുള്ള ഭിന്നത മുറുകുന്നു. ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരായ വിവാദത്തിൽ പ്രതികരിച്ച് ചലച്ചിത്ര അക്കാദമിയിൽ കൗൺസിൽ അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഏകാധിപതി എന്ന രീതിയിൽ ആണ് രഞ്ജിത്തിന്റെ പെരുമാറ്റമെന്ന് അംഗങ്ങൾ പറയുന്നു.

തങ്ങള്‍ക്ക് ചെയര്‍മാനോട് യാതൊരു വിധേയത്വവും ഇല്ലെന്നും അവര്‍ വ്യക്തമാക്കി. ആറാം തമ്പുരാനായി ചെയര്‍മാന്‍ നടക്കുന്നത് കൊണ്ടല്ല ഫെസ്റ്റിവല്‍ നടക്കുന്നതെന്നും കൗൺസിൽ അംഗം മനോജ് കാന പറഞ്ഞു. അക്കാദമിയെ അവഹേളിക്കുന്ന പ്രവർത്തനമാണ് ചെയർമാൻ ചെയ്യുന്നത്. ഒന്നെങ്കിൽ രഞ്ജിത്ത് തിരുത്തണം, അല്ലെങ്കിൽ പുറത്താക്കണമെന്നും അംഗങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.

'വരിക്കാശ്ശേരി മനയിലെ ലൊക്കേഷനല്ല ചലച്ചിത്ര അക്കാദമി. ര‌ഞ്ജിത്ത് ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നത്. ചെയർമാനോട് യാതൊരു വിധേയത്വവുമില്ല. ചലച്ചിത്ര അക്കാദമിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലേയ്ക്ക് പുതിയ ആളുകളെ എടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് രഞ്ജിത്ത് അല്ല. ഞങ്ങൾ എല്ലാം ഒരുമിച്ചാണ് നിൽക്കുന്നത്. മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്.' - അംഗങ്ങൾ പറഞ്ഞു.