beauty

സിനിമാ താരങ്ങളെ പോലെ തിളങ്ങുന്ന ചർമം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. അതുപോലുള്ള ചർമത്തിനായി പല തരത്തിലുള്ള പൊടിക്കൈകളും ചെയ്യുന്നുമുണ്ടാകും. എന്നാൽ നിങ്ങളുടേതുപോലെ പ്രകൃതിദത്ത മാസ്‌കുകൾ മാത്രം ഉപയോഗിച്ചല്ല അവർ ചർമ സംരക്ഷണം ചെയ്യുന്നത്. ചില പ്രത്യേകതരം ഫേഷ്യലുകളും ട്രീറ്റ്‌മെന്റിലൂടെയുമാണ് അവർ സൗന്ദര്യം നിലനിർത്തുന്നത്. ഈ വ്യത്യസ്തമായ ചർമ സംരക്ഷണ മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വാമ്പയർ ഫേഷ്യൽ

സംസ്കരിച്ച രക്തം വീണ്ടും മുഖത്തേക്ക് കുത്തിവച്ചാണ് ഈ ഫേഷ്യൽ ചെയ്യുന്നത്. ഇതിലൂടെ നിങ്ങളുടെ ചർമ്മം ചുവന്ന് തുടുക്കും. മാത്രമല്ല നല്ല തിളക്കമുള്ളതുമാകുന്നു. എന്നാൽ രക്തം കണ്ടാൽ അറപ്പുള്ളവർക്കും ഭയം തോന്നുന്നവർക്കും ഇത് ചെയ്യാൻ കഴിയില്ല.

ഗീഷ ഫേഷ്യൽ

രാപ്പാടി അല്ലെങ്കിൽ വാനമ്പാടി എന്നറിയപ്പെടുന്ന പക്ഷിയുടെ കാഷ്ഠത്തിൽ നിന്നാണ് ഈ ഫേഷ്യൽ ചെയ്യുന്നത്. ആഞ്ജലീന ജോളി, വിക്ടോറിയ ബെക്കാം പോലുള്ള സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഫേഷ്യലാണിത്. പക്ഷിയുടെ കാഷ്ഠം അണുവിമുക്തമാക്കിയ ശേഷമാണ് ഉപയോഗിക്കുന്നത്.

ഗോൾഡ് ലീഫ് ഫേസ് മാസ്‌ക്

സ്വർണം കൊണ്ടുള്ള ഈ ലക്ഷ്വറി ഫേഷ്യൽ ചെയ്യുന്നതിലൂടെ മുഖത്തെ ചുളിവുകൾ മാറി നിറം വർദ്ധിക്കാൻ സഹായിക്കുന്നു. ചർമത്തിന്റെ തിളക്കം വർദ്ധിക്കാനും ഈ ഫേസ് മാസ്ക് നല്ലതാണ്.

തേനീച്ച വെനം ഫെയ്സ് മാസ്ക്

കേറ്റ് മിഡിൽടണും വിക്ടോറിയ ബെക്കാമും ഇഷ്ടപ്പെടുന്ന ഫേസ് മാസ്കാണിത്. പ്രായം കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഈ മാസ്ക് സഹായിക്കുന്നു. ശരീരത്തിൽ കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കാനും ഈ പായ്‌ക്ക് നല്ലതാണ്.

സ്‌നെയിൽ സ്ലൈം ഫേഷ്യൽ

ജാപ്പനീസ്, കൊറിയൻ ചർമ സംരക്ഷണത്തിൽ ഏറ്റവും പേരുകേട്ട ഒന്നാണിത്. ഒച്ചിൽ നിന്നാണ് ഈ ഫേഷ്യലിന് വേണ്ട എസെൻസ് ഉണ്ടാക്കുന്നത്. മുഖത്തെ പാടുകൾ പൂർണമായും മാറി ചർമത്തിന്റെ തിളക്കം വർദ്ധിപ്പിക്കാൻ ഈ ഫേഷ്യൽ സഹായിക്കുന്നു.