bhajan-lal-sharma

ജയ്‌പൂർ: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രിമാരായി ദിയ കുമാരിയും പ്രേം ചന്ദ് ഭൈരവയും സത്യപ്രതിജ്ഞ ചെയ്തു. ജയ്‌പൂരിലെ ചരിത്രപ്രസിദ്ധമായ ആൽബർട്ട് ഹാളിൽവച്ചാണ് ചടങ്ങുകൾ നടന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്രയുടെ മുൻപാകെയായിരുന്നു സത്യപ്രതിജ്ഞ നടന്നത്. രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ട് ചടങ്ങിൽ പങ്കെടുത്തതും ശ്രദ്ധേയമായി. മുൻ പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ്, ബിജെപി നേതാക്കളായ സതീഷ് പുനിയ, വസുന്ധര രാജെ എന്നിവരും ചടങ്ങിന്റെ ഭാഗമായി.

മുൻ മുഖ്യമന്ത്രി വസുന്ധര രാജയെയും മറ്റ് മുതിർന്ന നേതാക്കളെയും ഒഴിവാക്കിയാണ് ഭജൻലാൽ ശർമ്മയെ മുഖ്യമന്ത്രിയായി പാർട്ടി നേതൃത്വം പ്രഖ്യാപിച്ചത്. ബ്രാഹ്മണ വിഭാഗത്തിലുള്ള ഭജൻലാൽ ശർമ്മ സംഗനേർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. ആദ്യമായാണ് ഭജൻലാൽ ശർമ്മ എംഎൽഎയാകുന്നത്. ഛത്തീസ്‌ഗഡിലും മദ്ധ്യപ്രദേശിലും ബിജെപി മുഖ്യമന്ത്രി കസേരയിൽ പുതുമുഖങ്ങളെ നിയോഗിച്ചതിന് പിന്നാലെയാണ് രാജസ്ഥാനിലും പാർട്ടി സർപ്രൈസ് നൽകിയത്.

കോൺഗ്രസ് സ്ഥാനാർത്ഥി പുഷ്‌പേന്ദ്ര ഭരദ്വാജിനെ 48,081 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഭജൻലാൽ ശർമ്മ തന്റെ ആദ്യ എംഎൽഎ സ്ഥാനം ഉറപ്പിച്ചത്. ഉപമുഖ്യമന്ത്രി ദിയാ കുമാരി രജപുത്ര വിഭാഗത്തിൽപ്പെട്ടയാളാണ്. മറ്റൊരു ഉപമുഖ്യമന്ത്രിയായ പ്രേംചന്ദ് ബൈർവ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളാണ്. ജയ്പൂരിൽ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ കേന്ദ്ര നിരീക്ഷകൻ രാജ്നാഥ് സിംഗ് മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിമാരെയും പ്രഖ്യാപിക്കുകയായിരുന്നു.

#WATCH | Former Rajasthan CM and senior Congress leader Ashok Gehlot at the swearing-in ceremony of Rajasthan CM-designate Bhajanlal Sharma, in Jaipur

Diya Kumari and Prem Chand Bairwa will also be sworn in as deputy chief ministers of the state. pic.twitter.com/n2Yrgqp40F

— ANI (@ANI) December 15, 2023