
അയോദ്ധ്യ: അയോദ്ധ്യയിൽ തകർക്കപ്പെട്ട ബാബറി മസ്ജിദിന് പകരം നിർമ്മിക്കുന്ന മസ്ജിദിന് ഇസ്ലാമിന്റെ ഏറ്റവും പുണ്യദേവാലയമായ മക്ക പള്ളിയിലെ ഇമാം ഷെയ്ക്ക് അബ്ദുൾ റഹ്മാൻ അൽ - സുദായിസ് ശിലാസ്ഥാപനം നടത്തും. തീയതി തീരുമാനിച്ചിട്ടില്ല. പ്രവാചകന്റെയും പിതാവിന്റെയും പേരിൽ 'മസ്ജിദ് മൊഹമ്മദ് ബിൻ അബ്ദുള്ള' എന്നാവും മസ്ജിദ് അറിയപ്പെടുക. മസ്ജിദ് ഇ അയോദ്ധ്യ എന്നായിരുന്നു ആദ്യം നിശ്ചയിച്ച പേര്.
അയോദ്ധ്യയിൽ നിന്ന് 25 കിലോമീറ്റർ അകലെ ധന്നിപൂർ എന്ന സ്ഥലത്താണ് നിർമ്മിക്കുന്നത്. സുപ്രീംകോടതിയുടെ അയോദ്ധ്യ വിധിയിൽ നിർദ്ദേശിച്ച പ്രകാരം ഉത്തർപ്രദേശ് സർക്കാർ ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിന് സൗജന്യമായി നൽകിയ അഞ്ചേക്കർ ഭൂമിയിലാണ് നിർമ്മിക്കുന്നത്.
മസ്ജിദ് നിർമ്മാണത്തിനായി രൂപീകരിച്ച ഇൻഡോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷനാണ് നിർമ്മാണ ചുമതല. മസ്ജിദ് വികസന സമിതിയുടെ അദ്ധ്യക്ഷൻ മുംബയിലെ ബി. ജെ. പി നേതാവ് ഹാജി അരാഫത്ത് ഷെയ്ക്കാണ്.
ജാമിയ മിലിയയിലെ ആർക്കിടെക്ചർ ഡീൻ എസ്. എം. അക്തർ തയ്യാറാക്കിയ ആധുനിക ഡിസൈനിൽ ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
അത് മാറ്റി പരമ്പരാഗത ശൈലിയിലുള്ള ഡിസൈൻ തയ്യാറാക്കിയത് പൂനെയിലെ ആർക്കിടെക്റ്റ് ഇമ്രാൻ ഷെയ്ക്കാണ്.
ലോകത്തെ ഏറ്റവും വലിയ ഖുറാൻ
21 അടി ഉയരവും 36 അടി വീതിയുമുള്ള ഖുറാൻ സ്ഥാപിക്കും
ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം ദേവാലയം
50,000 ചതുരശ്ര അടി വിസ്തൃതി
5,000ത്തിലേറെ വിശ്വാസികൾക്ക് പ്രാർത്ഥിക്കാം.
അഞ്ച് കോണുകളുള്ള മന്ദിരം.
കലിമ, നമസ്, ഉപവാസം, ഹജ്ജ്, സക്കാത്ത് തത്വങ്ങളുടെ പ്രതീകമായി അഞ്ച് മിനാരങ്ങൾ
മസ്ജിദിന് മുന്നിൽ ചന്ദ്രക്കലയുടെ കൂറ്റൻ ശിൽപ്പവും
300 കിടക്കകളുള്ള കാൻസർ ആശുപത്രി. ചികിത്സ സൗജന്യം.
ആശുപത്രി സൗജന്യമായി നടത്തുന്നത് വോക്ക്ഹാർഡ്ട്ട് ഗ്രൂപ്പ്.
സ്കൂളുകളും കോളേജുകളും മ്യൂസിയവും ലൈബ്രറിയും
സ്വാതന്ത്ര്യസമര സേനാനി മൗലവി അഹമ്മദുള്ള ഷായുടെ പേരിൽ ഗവേഷണ കേന്ദ്രം
സൗജന്യ ഭക്ഷണം നൽകുന്ന സസ്യഭക്ഷണ ശാല
അംഗശുദ്ധിക്കുള്ള വസുഖാനയ്ക്ക് സമീപം കൂറ്റൻ അക്വേറിയം
സന്ധ്യയ്ക്ക് ബാങ്ക് മുഴങ്ങുമ്പോൾ ജലധാരകൾ ഉണരും