
ഭാഗ്യം എന്നത് പലപ്പോഴും പല രൂപത്തിലാണ് നമ്മിലേക്ക് എത്തുക. എത്ര ധനം ഉണ്ടായിട്ടും കാര്യമില്ല. ഭാഗ്യമില്ലെങ്കിൽ അതെല്ലാം നിഷ്ഫലമാകുന്ന സാഹചര്യം ധാരാളം ഉദാഹരണങ്ങളായി നമുക്ക് മുന്നിലുണ്ട്. ലോകത്തിലെ ഏറ്റവും ഭാഗ്യശാലികളായിരുന്ന ചിലരെ കുറിച്ചറിയാം-
ജോവാൻ ആർ ജിന്തർ
സാധാരണഗതിയിൽ ലോട്ടറി അടിക്കാനുള്ള സാദ്ധ്യത 200 ദശലക്ഷത്തിൽ 1 ആണെന്നാണ് പറയപ്പെടുന്നത്. വാസ്തവത്തിൽ, ഒരു ലോട്ടറി അടിച്ചതിനേക്കാൾ ഉൽക്ക പതിച്ച് മരിക്കാനുള്ള സാധ്യതയാണ് കൂടുതലെന്നാണ് പ്രചരിക്കുന്ന മറ്റൊരു നർമ്മം. അപ്പോൾ ജോവാൻ ആർ ജിന്തറിന്റെ കാര്യം അറിഞ്ഞാലോ? നാലു തവണയാണ് ഈ പെൺകുട്ടിക്ക് ജീവിതത്തിൽ ലോട്ടറി അടിച്ചത്. അതും കോടികളുടെ ഒന്നാം സമ്മാനം.
5.4 മില്യൺ ഡോളറാണ് ആദ്യം ജോവാൻ നേടിയത്. 10 വർഷത്തിന് ശേഷം 2 മില്യൺ ഡോളർ കൂടി നേടി. ഭാഗ്യം അവിടെയും പിന്മാറാൻ തയ്യാറായില്ല. 2 വർഷത്തിന് ശേഷം 3 മില്യൺ ഡോളറും 2008ൽ 10 മില്യൺ ഡോളറും എന്ന കണക്കിലാണ് ജോവാന് ലോട്ടറി ഭാഗ്യം തുടരെ തുടരെ കടാക്ഷിച്ചത്.
സുതോമു യമാഗുച്ചി
ആണവ ആക്രമണത്തിലൂടെ ആസന്നമായ മരണത്തെപോലും ചതിച്ചയാൾ എന്നാണ് സുതോമു യമാഗുച്ചി അറിയപ്പെടുന്നത്. രണ്ടുതവണയാണ് അത്ഭുതകരമായി യമാഗുച്ചി രക്ഷപ്പെട്ടത്.
രണ്ടാം ലോകമഹായുദ്ധസമയത്താണ് സംഭവം. സുട്ടോമു മിത്സുബിഷി ഹെവി ഇൻഡസ്ട്രീസിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. 1945ൽ ആദ്യത്തെ അണുബോംബ് വീണത് ഹിരോഷിമയിലേക്കുള്ള അദ്ദേഹത്തിന്റെ ഒരു ജോലി സന്ദർശനത്തിനിടെയായിരുന്നു. സ്‌ഫോടനത്തിൽ പരിക്കേറ്റെങ്കിലും ഭാഗ്യവാനായ അദ്ദേഹം എങ്ങനെയോ അതിജീവിച്ചു. തുടർന്ന് കുടുംബത്തോടൊപ്പം മടങ്ങിയതാകട്ടെ നാഗസാക്കിയിലേക്കും. അവിടെ നടന്ന ആണവ ആക്രമണത്തിലും സുതോമു യമാഗുച്ചി അത്ഭുതകരമായി രക്ഷപ്പെട്ടു.
1980കളുടെ അവസാനത്തിലെ തന്റെ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം ഒരു പുസ്തകവും എഴുതി. 2009 മാർച്ചിൽ ജപ്പാൻ യമാഗുച്ചിയെ രണ്ട് സ്‌ഫോടനങ്ങളെയും അതിജീവിച്ച ആളായി ഔദ്യോഗികമായി അംഗീകരിച്ചു. രണ്ട് അണുബോംബ് സ്‌ഫോടനങ്ങളെ അതിജീവിച്ചതായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ഒരേയൊരു വ്യക്തിയാണ് സുതോമു യമാഗുച്ചി.

ബിൽ മോർഗൻ
അപകടങ്ങൾ ഏത് സമയത്തും സംഭവിക്കാം. ഓസ്‌ട്രേലിയക്കാരനായ ബിൽ മോർഗനെ സംബന്ധിച്ചിടത്തോളം മരണത്തിൽ നിന്നും രക്ഷപ്പെട്ടുവന്നയാളായാണ് ലോകം കണക്കാക്കുന്നത്. ഒരു ട്രക്കുമായി മോർഗന്റെ കാർ കൂട്ടിയിടിച്ചു. 14 മിനിട്ടോളം ജീവൻ നഷ‌്ടപ്പെട്ട അവസ്ഥയിൽ തന്നെയായിരുന്നു മോർഗൻ. 12 ദിവസം കോമയിൽ കിടന്നു. രക്ഷയില്ലെന്ന് കണ്ട് ലൈഫ് സപ്പോർട്ട് കുടുംബം നീക്കം ചെയ‌്തതിന് ശേഷമാണ് വിസ്‌മയം പോലെ മോർഗന് ജീവൻ തിരിച്ചു കിട്ടിയത്.
അവിടെ തീരുന്നതായിരുന്നില്ല മോർഗന്റെ ഭാഗ്യജീവിതം. പിന്നിടൊരിക്കൽ നടന്ന സ്ക്രാച്ച് ആന്റ് വിന്നിലൂടെ 27000 ഡോളർ സമ്മാനമായി ലഭിക്കുകയും ചെയ‌്തു.

ഫ്രേൻ സലാക്
ജീവിച്ചിരിക്കുന്നതിൽ വെച്ച് ഏറ്റവും ഭാഗ്യവാനായ മനുഷ്യനായി അറിയപ്പെടുന്ന, ക്രൊയേഷ്യക്കാരനായ ഫ്രെയ്ൻ സെലാക്ക് മരണത്തെ മറികടന്നത് ഒന്നോ രണ്ടോ തവണയല്ല, മറിച്ച് 7 തവണയാണ്! 1962 ജനുവരിയിൽ അദ്ദേഹം സഞ്ചരിച്ചിരുന്ന ട്രെയിൻ ട്രാക്കിൽ നിന്ന് തെന്നിമാറി തണുത്തുറഞ്ഞ മലയിടുക്കിലെ നദിയിൽ പതിച്ചതോടെയാണ് സെലക്കിന്റെ മരണത്തോടുള്ള വെല്ലുവിളി ആരംഭിച്ചത്. 17 യാത്രക്കാർ മുങ്ങിമരിച്ചു. സെലക്കിന്റെ കൈ മാത്രമാണ് ഒടിഞ്ഞത്.
ഒരു വർഷത്തിനുശേഷം, ഫ്രേൻ സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചു. വിമാനത്തിന്റെ വാതിലിൽ നിന്ന് തെറിച്ചുവീണ ഫ്രേൻ ഒരു വൈക്കോൽ കൂനയിലാണ് വന്നുവീണത്. ആ വിമാനാപകടത്തിൽ 19 പേരാണ് മരിച്ചത്.
മൂന്ന് വർഷത്തിന് ശേഷം,1966 ൽ അദ്ദേഹം സഞ്ചരിച്ച ഒരു ബസ് റോഡിൽ നിന്ന് നദിയിലേക്ക് തെന്നി, നാല് യാത്രക്കാർക്ക് ജീവൻ നഷ്‌ടപ്പെട്ട ആ സംഭവത്തിലും നിസാര പരിക്കുകളോടെ ഫ്രേൻ മാത്രം രക്ഷപ്പെട്ടു.
രണ്ട് വർഷത്തിന് ശേഷം, സെലാക് തന്റെ ഇളയ മകനെ തോക്ക് ഉപയോഗിച്ച് ഷൂട്ട് ചെയ്യാൻ പഠിപ്പിക്കുകയായിരുന്നു. സേഫ്‌ടി ട്രിഗർ അബദ്ധത്തിൽ ഓഫ് ആയടോതെ വെടി ഫ്രേനിന്റെ വൃഷണത്തിലാണ് കൊണ്ടത്. അവയവം നീക്കം ചെയ്യേണ്ടി വന്നെങ്കിലും ജീവൻ രക്ഷപ്പെട്ടു. പിന്നീടും പലപ്പോഴും പലവിധങ്ങളാണ് അപകടങ്ങളിൽ നിന്ന് ഫ്രേൻ സലാക് രക്ഷപ്പെടുകയായിരുന്നു.

നിചിരെൻ
രണ്ടാം നൂറ്റാണ്ടിലെ ഒരു പ്രമുഖ സന്യാസിയായിരുന്നു നിചിരെൻ, ജാപ്പനീസ് അധികാരികൾ അട്ടിമറിക്കുന്നതും അവരുടെ ശക്തിയെ തുരങ്കം വയ്ക്കുന്നതുമായ ഒരു പ്രവചനം എഴുതിയതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. എന്നാൽ ഭാഗ്യം മിന്നൽ പിണറിന്റെ രൂപത്തിൽ ആരാച്ചാരെ വകവരുത്തി. നിചിരെന്റെ തലവെട്ടാനായി ഉയർത്തിയ വാളിലേക്കാണ് മിന്നലടിച്ചത്. പിന്നീട് അധികാരികൾ നിചിരെനെ വെറുതെ വിടുകയായിരുന്നു.