
ശാസ്താംകോട്ട: മാവേലിക്കരയിൽ മകളെ മഴുവുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീമഹേഷ് (38) ശാസ്താംകോട്ടയിൽ വച്ച് ട്രെയിനിൽ നിന്ന് ചാടി മരിച്ചു. ആലപ്പുഴ കോടതിയിൽ കൊണ്ടുവന്ന ശേഷം തിരികെ തിരുവനന്തപുരം സെൻട്രൽ ജയിലിലേയ്ക്ക് പോകുന്ന വഴിയാണ് ട്രെയിനിൽ നിന്ന് ചാടിയത്. ഉച്ചയ്ക്ക് 2.50നാണ് സംഭവം.
മൂത്രം ഒഴിക്കാൻ വേണ്ടിയെന്ന് പറഞ്ഞാണ് ഇയാൾ പോയത്. പിന്നാലെ രണ്ട് പൊലീസുകാരെ തള്ളി മാറ്റി ട്രാക്കിലേക്ക് ചാടുകയായിരുന്നു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ ജൂൺ ഏഴിന് രാത്രിയാണ് പിതാവായ ശ്രീമഹേഷ് പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെ (6) മഴു ഉപയോഗിച്ച് കൊലപ്പെടുത്തിയത്. ബഹളം കേട്ട് തൊട്ടടുത്ത വീട്ടിൽ നിന്ന് മഹേഷിന്റെ അമ്മ സുനന്ദ ഓടിയെത്തിയപ്പോൾ കണ്ടത് വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെ ആണ്. ബഹളം വച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെയും ഇയാൾ ആക്രമിച്ചിരുന്നു. സമീപവാസികളെയും മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു.
കേസിൽ അറസ്റ്റിലായി റിമാൻഡിലായതിനുപിന്നാലെ മാവേലിക്കര സബ് ജയിലിൽവച്ച് പ്രതി കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു. സംഭവം നടന്നതിന്റെ 78-ാം ദിവസം മാവേലിക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി മുൻപാകെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.