photo

കൊട്ടാരക്കര: വീട്ടിലിരുന്ന് പണമുണ്ടാക്കാമെന്ന് സോഷ്യൽ മീഡിയവഴി സന്ദേശം നൽകി യുവാവിന്റെ പക്കൽ നിന്നു 34 ലക്ഷം രൂപ തട്ടിയെടുത്ത തമിഴ്നാട് സ്വദേശി പിടിയിൽ. ചെന്നൈ ഐ.സി.എഫ് കോളനിയിൽ ഡാർല പ്രവീൺകുമാറാണ് (32) പിടിയിലായത്. പുത്തൂർ സ്വദേശിയായ യുവാവിനെ കബളിപ്പിച്ചാണ് പണം തട്ടിയത്.

റൂറൽ സൈബർ ക്രൈം സ്റ്റേഷനിലെ സി.ഐ ടി.ശിവപ്രകാശ്, എസ്.ഐ പ്രസന്നകുമാർ, എ.എസ്.ഐ സി.ലിജുകുമാർ, സി.പി.ഒമാരായ രജിത് ബാലകൃഷ്ണൻ, സൈറസ് ജോബ്, രജിൻ നാരായണൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. സമാനമായ കേസിൽ തമിഴ്നാട് പൊലീസ് ഡാർലയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയാണ് വീണ്ടും തട്ടിപ്പ് നടത്തിയത്. വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന പരസ്യംകണ്ടാണ് യുവാവ് ഡാർല പ്രവീൺകുമാറുമായി ബന്ധപ്പെട്ടത്. തുടർന്ന് കൂടുതൽ വിവരങ്ങൾ ബോദ്ധ്യപ്പെട്ടതിൽ നിന്നു വിശ്വസനീയമായ രേഖകൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പല ഘട്ടങ്ങളിലായി 34,00,376 രൂപ ബാങ്ക് അക്കൗണ്ട് വഴി അയച്ചുകൊടുത്തത്. തുടർ നടപടികൾ ഇല്ലാതെ വന്നപ്പോഴാണ് പൊലീസിനെ സമീപിച്ചത്.