എഴുകോൺ: ചികിത്സയ്ക്കെന്ന വ്യാജേനയെത്തി വനിതാ ഡോക്ടറെ കടന്നുപിടിച്ച കേസിൽ പ്രതിക്ക് രണ്ടര വർഷം തടവും 25000 രൂപ പിഴയും. തഴുത്തല മൈലാപ്പൂർ ചേരിയിൽ നിഷാദ് മൻസിലിൽ ഷെഫീക്കിനെയാണ് (33) കൊട്ടാരക്കര പട്ടികജാതി - വർഗ പ്രത്യേക കോടതി ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഏഴു മാസം കൂടി തടവ് അനുഭവിക്കണം. 2020 മാർച്ചിൽ കൊല്ലം പാലത്തറയിലുള്ള ആയുർവേദ ക്ലിനിക്കിലായിരുന്നു സംഭവം. ഡോക്ടറുടെ കാബിനിൽ പരിശോധനയ്ക്കായി കയറിയ ഷെഫീക്ക് ഡോക്ടറെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. ഇരവിപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ദൃക്‌ സാക്ഷികൾ ഇല്ലാതിരുന്നത് പ്രോസിക്യൂഷന് വെല്ലുവിളി ഉയർത്തിയിരുന്നു.കൊല്ലം അസി. പൊലീസ് കമ്മിഷണർ എ.പ്രദീപ് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ജി.എസ്.സന്തോഷ് കുമാർ ഹാജരായി.