balan

അടിമാലി: കഴിഞ്ഞ എട്ടിന് കുറത്തിക്കുടിയിൽ നിന്ന് വിൽപ്പനയ്ക്കിടെ ആനകൊമ്പുകളുമായി ഒരാളെ പിടികൂടിയ കേസിൽ മുഖ്യപ്രതികൾ പിടിയിൽ. എളംബ്ലാശ്ശേരി കുടിയിൽ നിന്നുള്ള ബാലൻ (54), സതീഷ് (ഉണ്ണി- 22) എന്നിവരെയാണ് വനപാലക സംഘം അറസ്റ്റ് ചെയ്തത്. പരിശോധനയിൽ ആനയുടെ അസ്ഥികൂടവും കണ്ടെത്തി. കേസിൽ നേരത്തെ വനംവകുപ്പ് ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അടിമാലി കുറത്തിക്കുടിയിൽ നിന്ന് പ്രതിയായ പുരുഷോത്തമനെ അറസ്റ്റ് ചെയ്തിരുന്നു. അടിമാലി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു നടപടി. പിന്നാലെ നേര്യമംഗലം റേഞ്ചിലെ ആവറുക്കുട്ടിയിൽ നിന്നാണ് ആനക്കൊമ്പ് ലഭിച്ചതെന്ന് പുരുഷോത്തമൻ മൊഴി നൽകിയിരുന്നു. ഇതോടെ നേര്യമംഗലത്തിന്റെ കൂടി ചുമതലയുള്ള അടിമാലി റേഞ്ച് ഓഫീസർ സ്ഥലത്ത് പരിശോധന ശക്തമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ആവറുകുട്ടി വനമേഖലയിലെ ചുരത്തിത്തോട്ടിൽ നിന്നാണ് ആനയുടെ എല്ലുകൾ മാത്രമുള്ള ജഡം കണ്ടെത്തിയത്. എട്ട് മാസം മുമ്പ് മുഖ്യപ്രതിയായ ബാലൻ വനവിഭവങ്ങൾ ശേഖരിക്കുന്നതിനായി എത്തിയപ്പോൾ അഴുകിയ നിലയിൽ ആനയുടെ ജഡം കണ്ടെത്തുകയായിരുന്നു. വേർപെട്ട നിലയിൽ കണ്ടെത്തിയ ആനക്കൊമ്പുകൾ ബാലൻ എടുത്ത് ഒന്നര കിലോമീറ്റർ അകലെയുള്ള ഒരു മരത്തിന് സമീപം കുഴിച്ചിട്ടു. മൂന്നു മാസം മുമ്പ് സതീഷിനോടും പുരുഷോത്തമനോടും തനിക്ക് ആനെക്കാമ്പ് കിട്ടിയ വിവരം പങ്കുവെച്ചു. പിന്നീട് മൂവരും ചേർന്ന് കുറത്തിക്കുടിയിലുള്ള പുരുഷോത്തമന്റെ വീടിന് സമീപത്തേക്ക് ആനക്കൊമ്പ് മാറ്റി കുഴിച്ചിട്ടു. തുടർന്ന് ആനക്കൊമ്പ് വില്പന നടത്താൻ ശ്രമിക്കുമ്പോൾ വനംവകുപ്പ് ഇന്റലിജൻസ് വിവരം അറിയികുയായിരുന്നു. രണ്ട് ആനക്കൊമ്പുകളുമായി കുറത്തിക്കുടിയിൽ നിന്ന് പുരുഷോത്തമനെ അറസ്റ്റ് ചെയ്‌തോടെ ബാലനും സതീഷും ഒളിവിൽ പോയി. പിന്നീട് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടുന്നത്. ആനയുടെ ജഡം കണ്ടെത്തിയ സ്ഥലത്തെത്തിച്ച് പ്രതികളിൽ നിന്ന് തെളിവുകൾ ശേഖരിച്ചു. ഇന്ന് അടിമാലിയിൽ കോടതിയിൽ ഹാജരാക്കും. നേരത്തെ പിടിയിലായ പുരുഷോത്തമൻ റിമാൻഡിലാണ്.

ജഡത്തിന് ഒരു വർഷം പഴക്കം

പ്രാഥമിക പരിശോധനയിൽ ആവറക്കുട്ടിയിൽ നിന്ന് കണ്ടെത്തിയ ആനയുടെ ജഡത്തിന് ഒരു വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് കണ്ടെത്തൽ. തലയോട്ടിയടക്കമുള്ള അസ്ഥികൾ പലതും വേർപ്പെട്ട നിലയിലാണ്. അസ്ഥികൾ വനത്തിൽ പലയിടത്തായി ചിതറി കിടക്കുകയാണ്. മറ്റ് മൃഗങ്ങൾ ആഹാരമാക്കിയതാകാം ഇതെന്നാണ് കരുതുന്നത്. ആന എങ്ങനെയാണ് ചരിഞ്ഞതെന്നത് വ്യക്തമല്ല. മൂവരെയും കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്തിയെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരൂവെന്ന് അടിമാലി റേഞ്ച് ഓഫീസർ ജോജി ജയിംസ് പറഞ്ഞു. ആനയുടെ ജഡം പോസ്റ്റുമോർട്ടം ചെയ്യാനുള്ള നടപടികളും ആരംഭിച്ചു. വെടിയേറ്റാണോ ആന ചെരിഞ്ഞതെന്നറിയാൻ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചും പരിശോധന നടത്തേണ്ടതുണ്ട്.