
മലയാളത്തിന്റെ മോഹൻലാലും ലിജോ ജോസ് പല്ലിശ്ശേരിയും ഒന്നിക്കുന്ന മലൈകോട്ടെ വാലിബനിലെ ആദ്യ ഗാനമെത്തി. പുന്നാരക്കാട്ടിലെ പൂവനത്തിൽ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാർ വക്കിയിൽ, അഭയ ഹിരൺമയി എന്നിവർ ചേർന്നാണ്. പി.എസ് റഫീക്കിന്റെ വരികൾക്ക് പ്രശാന്ത പിള്ളയാണ് ഈണമിട്ടിരിക്കുന്നത്. മലയാള സിനിമയ‌്ക്ക് പുത്തൻ അനുഭവം നൽകുന്ന ചിത്രം തന്നെയാകും വാലിബൻ എന്നത് ഗാനം ചിത്രീകരിച്ചിരിച്ചിരിക്കുന്നതിൽ നിന്നും വ്യക്തമാണ്.
രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. രാജസ്ഥാനിലായിരുന്നു സിനിമയുടെ ആദ്യ ഷെഡ്യൂൾ ചിത്രീകരിച്ചത്. 77 ദിവസം നീണ്ട ചിത്രീകരണമായിരുന്നു രാജസ്ഥാനിൽ. അവിടെ വച്ച് ചിത്രത്തിന്റെ രണ്ടു ഘട്ടങ്ങൾ പൂർത്തിയാക്കി. രണ്ടാം ഷെഡ്യൂൾ ചെന്നൈയിലായിരുന്നു. ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസ് ആയിരുന്നു ലൊക്കേഷൻ. അഞ്ചു മാസത്തോളം പോസ്റ്റ്‌പ്രൊഡക്ഷൻ ജോലികൾക്ക് ശേഷം. ജനുവരി 25ന് ചിത്രം തിയറ്ററുകളിെലത്തും.
കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേത്ര്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, അനൂപിന്റെ മാക്സ് ലാബ്, സിദ്ധാർഥ് ആനന്ദ് കുമാർ, വിക്രം മെഹ്റ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നിവരാണ് മലൈക്കോട്ടൈ വാലിബന്റെ നിർമാതാക്കൾ.
പി എസ് റഫീക്കാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മധു നീലകണ്ഠൻ ആണ് ഛായാഗ്രഹണം. ലിജോ ജോസിന്റെ 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠൻ, ലിജോ ചിത്രത്തിന് വേണ്ടി വീണ്ടും ഛായാഗ്രഹണം നിർവഹിച്ചിരിക്കുകയാണ്. ദീപു ജോസഫ് എഡിറ്റിങ്ങും റോണക്സ് സേവ്യർ വസ്ത്രാലങ്കാരവും നിർവഹിച്ചു.