
മുംബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണില്‍ മുംബയ് ഇന്ത്യന്‍സിന് പുതിയ നായകന്‍. നിലവിലെ നായകന്‍ രോഹിത് ശര്‍മ്മയെ സ്ഥാനത്ത് നിന്ന് മാറ്റി ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെയാണ് നായകസ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. രണ്ട് സീസണ്‍ മുമ്പ് ടീം വിട്ട് പോയ ഹാര്‍ദിക്കിനെ ഈ സീസണില്‍ തിരികെ കൊണ്ടുവരികയായിരുന്നു. ടീമിന്റെ ഭാവി മുന്‍നിര്‍ത്തിയാണ് പുതിയ തീരുമാനമെന്നാണ് മാനേജ്‌മെന്റ് നല്‍കുന്ന വിശദീകരണം.
മുംബയ് ഇന്ത്യന്‍സ്, രോഹിത് ശര്‍മ്മ ആരാധകരെ സംബന്ധിച്ച വളരെ നിരാശയുളവാക്കുന്നതാണ് തീരുമാനം. ഐപിഎല്ലില്‍ ഒരു കിരീടം ഇല്ലാതെ ആദ്യ അഞ്ച് സീസണ്‍ കളിച്ച മുംബയെ പിന്നീട് അഞ്ച് തവണയാണ് രോഹിത് കിരീടമണിയിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനെന്ന വിശേഷണമുള്ള രോഹിത്തിനെ മാനേജ്‌മെന്റ് നായകസ്ഥാനത്ത് നിന്ന് നീക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല.
ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനത്ത് തുടരുന്നതിനിടെയാണ് മുംബയ് രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരിക്കുന്നത്. നേരത്തെ കാമറൂണ്‍ ഗ്രീനിനെ ആര്‍സിബിക്ക് നല്‍കി ഹാര്‍ദിക് പാണ്ഡ്യയെ മുംബയിലേക്ക് എത്തിക്കുന്നതില്‍ രോഹിത്തിന് എതിര്‍പ്പുണ്ടെന്ന അഭ്യൂഹമുണ്ടായിരുന്നു. മുമ്പ് ടീം വിട്ട ശേഷം മുംബയെ പരസ്യമായി തള്ളിപ്പറഞ്ഞ വ്യക്തിയാണ് ഹാര്‍ദിക്ക് പാണ്ഡ്യ.