pic

ടെൽ അവീവ്: ഒക്ടോബർ 7ന് രാജ്യത്ത് നടന്ന ഭീകരാക്രമണത്തിന് പിന്നിലെ ഹമാസ് ഭീകരരെ തിരിച്ചറിയാനും പിടികൂടാനും സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇസ്രയേൽ. ഇത് സംബന്ധിച്ച ലഘുലേഖകൾ സൈനിക വിമാനങ്ങളിലൂടെ ഗാസയിലുടനീളം വിതരണം ചെയ്തു.

ഗാസയിലെ ഹമാസ് തലവനും ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനുമായ യഹ്യാ സിൻവാറിന് 4,00,000 ഡോളറും ( 3,32,25,660 രൂപ ), സഹോദരനും ഹമാസിന്റെ സതേൺ ബ്രിഗേഡ് കമാൻഡറുമായ മുഹമ്മദ് സിൻവാറിന് 3,00,000 ഡോളറുമാണ് ( 2,49,20,850 രൂപ ) വിലയിട്ടിരിക്കുന്നത്. കൂടാതെ, മറ്റ് ഉന്നത കമാൻഡർമാരായ റാഫാ സലാമേ, മുഹമ്മദ് ദെയ്ഫ് എന്നിവരുടെ വിവരങ്ങൾ നൽകുന്നവർക്ക് യഥാക്രമം 2,00,000 ഡോളർ ( 1,66,12,750 രൂപ ), 1,00,000 ഡോളർ ( 83,06,335 രൂപ ) വീതവും വാഗ്ദ്ധാനം ചെയ്തെന്നാണ് റിപ്പോർട്ട്. ഫോൺ, ടെലിഗ്രാം ആപ്പ് എന്നിവയിലൂടെ രഹസ്യമായി വിവരങ്ങൾ കൈമാറാനുള്ള നമ്പറുകളും ലഘുലേഖയിൽ കാണാം.

ഗാസയിൽ ഇസ്രയേൽ നടത്തുന്ന കരയാക്രമണം മൂന്നാഴ്ചയ്ക്കുള്ളിൽ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നാണ് വിവരം. ഹമാസ് നേതാക്കളെ കേന്ദ്രീകരിച്ചായിരിക്കും അടുത്ത ഘട്ടമെന്നാണ് സൂചന.

 ഖാൻ യൂനിസിൽ 33 മരണം

തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ അഭയാർത്ഥികൾ കഴിഞ്ഞ യു.എൻ സ്കൂളിന് സമീപം വ്യോമാക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 18,700 കടന്നു.

ഇതിനിടെ, ഹമാസ് ബന്ദികളാക്കിയ മൂന്ന് പേരുടെ മൃതദേഹങ്ങൾ ഇസ്രയേൽ കണ്ടെത്തി. ഇവരിൽ രണ്ട് പേർ സൈനികരാണ്. ഗാസ സിറ്റിക്ക് കിഴക്ക് ഷുജൈയ്യയിലുള്ള ഹമാസ് കേന്ദ്രവും ടണലും വ്യോമാക്രമണത്തിൽ തകർത്തു. ഗാസയിൽ ആശയവിനിമയ സംവിധാനങ്ങൾ വീണ്ടും നിലച്ചു