
തിരുവനന്തപുരം : കൊല്ലത്തെ ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നവകേരള സദസ് നടത്താനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി. കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ് ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നടത്താൻ ദേവസ്വം ബോർഡ് നൽകിയ അനുമതിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇവിടെ നവകേരള സദസ് നടത്തുന്നത് ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ഹർജിക്കാരുടെ വാദം ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. ഹിന്ദു ഐക്യവേദി പ്രവർത്തകരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഈ മാസം 18നാണ് ഇവിടെ പരിപാടി നിശ്ചയിച്ചിരുന്നത്. ഇതോടെ നവകേരള സദസിനായി പുതിയൊരു വേദി കണ്ടെത്തേണ്ടി വരും. കടയ്ക്കൽ ദേവീക്ഷേത്ര മൈതാനത്ത് നവകേരള സദസ് നടത്താൻ അനുമതി നൽകിയതിനെതിരെയും ഒരു വിഭാഗം വിശ്വാസികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അതിനിടെ ആലപ്പുഴ കൈതവന ജംഗ്ഷനിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. കുട്ടനാട്ടിലേക്കുള്ള യാത്രാമദ്ധ്യേ മുഖ്യമന്ത്രിയുടെ വാഹനം കൈതവന ജംഗഷനിൽ എത്തിയപ്പോഴായിരുന്നു പ്രതിഷേധം.