
ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ മഹേന്ദ്രസിംഗ് ധോണി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിൽ ഐ.പി.എസ് ഉദ്യോഗസ്ഥന് 15 ദിവസം തടവുശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. ജി.സമ്പത്ത് കുമാറിനെയാണ് ശിക്ഷിച്ചത്. വിധിക്കെതിരെ സമ്പത്തിന് സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നതിനായി ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്ക് കോടതി മരവിപ്പിച്ചു.
ജസ്റ്റിസുമാരായ എസ്.എസ് സുന്ദർ, സുന്ദർ മോഹൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി. ഹൈക്കോടതിക്കും സുപ്രീംകോടതിക്കുമെതിരെ ഐ.പി.എസ് ഉദ്യോഗസ്ഥൻ അപകീർത്തികരമായ പരാമർശം നൽകിയെന്നായിരുന്നു ധോണിയുടെ പരാതി. ഐ.പി.എൽ വാതുവെപ്പിൽ തന്റെ പേര് വലിച്ചിഴച്ചതിന് 100 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ധോണി സമ്പത്തിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്‌തിരുന്നു. തുടർന്ന് സമ്പത് കുമാർ നൽകിയ വിശദീകരണത്തിൽ ഹൈക്കോടതിക്കും സുപ്രീംകോടതിക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങളുണ്ടായിരുന്നെന്നായിരുന്നു ധോണിയുടെ ആരോപണം. ഉദ്യോഗസ്ഥനെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകുകയും ചെയ്തു.