rohit-sharma

മുംബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാക്കി മുംബയ് ഇന്ത്യന്‍സിനെ മാറ്റിയ രോഹിത് ശര്‍മ്മയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയ മാനേജ്‌മെന്റ് തീരുമാനം അപ്രതീക്ഷിതമായിരുന്നു. ക്ലബ്ബിന്റേയും രോഹിത്തിന്റേയും ആരാധകരെ ഒരുപോലെ ഞെട്ടിച്ച തീരുമാനം. 2013 മുതല്‍ 11 സീസണുകളില്‍ ടീമിനെ നയിച്ച രോഹിത് അഞ്ച് തവണ ടീമിനെ ചാമ്പ്യന്‍മാരാക്കി. ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി തന്നാലാകുന്നതെല്ലാം ചെയ്തിട്ടും കപ്പ് കൈവിട്ട നിരാശയില്‍ നിന്ന് കരകയറുന്ന രോഹിത്തിനോട് മാനേജ്‌മെന്റ് ഈ സമയത്ത് ഇങ്ങനെ ചെയ്തത് ശരിയല്ലെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.

രോഹിത് ശര്‍മ്മയെ അല്ലാതെ മറ്റൊരാളെ മുംബയ് ആരാധകര്‍ക്ക് നായകസ്ഥാനത്ത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. അവിടേക്കാണ് ടീം വിട്ട ശേഷം മുംബയെ പരസ്യമായി തള്ളിപ്പറഞ്ഞ ഹാര്‍ദിക് പാണ്ഡ്യയെ മുംബയ് നായകസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്. ചെന്നൈക്ക് ധോണിയെപ്പോലെയും ആര്‍സിബിക്ക് കോലിയേപ്പോലെയും ഒരുപക്ഷേ അതില്‍ കൂടുതലാണ് മുംബയ് ആരാധകര്‍ രോഹിത്തിന് നല്‍കുന്ന സ്ഥാനം. രോഹിത്തിനെ മാറ്റിയതില്‍ അതുകൊണ്ട് തന്നെ കനത്ത പ്രതിഷേധവുമുണ്ട്.

മുംബയ് ഇന്ത്യന്‍സ് അവരുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് നായകമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പോസ്റ്റിന് താഴെയുള്ള കമന്റുകളില്‍ ഭൂരിഭാഗവും രോഹിത്തിനെ അനുകൂലിച്ചും മാനേജ്‌മെന്റിനെ വിമര്‍ശിച്ചുമുള്ളതാണ്. ലോകകപ്പ് ഫൈനലില്‍ ഏറ്റ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് മുക്തനാകുന്നതേയുള്ളൂവെന്ന് രോഹിത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മുറിവില്‍ ഉപ്പ് തേക്കുന്നതിന് സമാനമാണ് തീരുമാനം എന്നാണ് പ്രധാന വിമര്‍ശനം.

View this post on Instagram

A post shared by Mumbai Indians (@mumbaiindians)

അതിനിടെ രോഹിത് ശര്‍മ്മയ്ക്ക് നന്ദി രേഖപ്പെടുത്തിയും മുംബയ് ഇന്ത്യന്‍സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. എക്കാലവും നിങ്ങളായിരിക്കും ഞങ്ങളുടെ ക്യാപ്റ്റനെന്നും ടീമിനെ ഇത്രയും മനോഹരമായി നയിച്ച് ചരിത്രത്തിന്റെ ഭാഗമാക്കിയതിന് നന്ദിയെന്നാണ് കുറിപ്പ്. രോഹിത് ശര്‍മ്മയെന്ന ബാറ്റര്‍ തകര്‍പ്പന്‍ ഫോമിലാണ്. നായക മികവിന് കോട്ടം സംഭവിച്ചിട്ടുമില്ല. പ്രായം 36 ആയിട്ടേയുള്ളൂ. കുറഞ്ഞത് രണ്ട് സീസണിലേക്കെങ്കിലും അദ്ദേഹം തുടരുന്നതിന് ഒരു പ്രശ്‌നവും കാണുന്നില്ലെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

ഭാവി വെല്ലുവിളികളെ നേരിടുന്നതിനാണ് ഈ തീരുമാനമെന്നാണ് എംഐ ഗ്ലോബല്‍ ഓപ്പറേഷന്‍സ് തലവന്‍ മഹേള ജയവര്‍ധനെ പറയുന്നത്. സ്ഥിരം പരിക്കിന്റെ പിടിയിലുള്ള ഹാര്‍ദിക്കിനെ ഉപയോഗിച്ച് എങ്ങനെയാണ് ഭാവിയിലേക്ക് ടീമിനെ ഒരുക്കുന്നതെന്ന ചോദ്യമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. വൈകാരികമായി പ്രതികരിക്കുമ്പോള്‍ ആരാധകര്‍ ഓര്‍ക്കേണ്ടത് ഐപിഎല്‍ എന്നത് ക്രിക്കറ്റ് എന്നതിലുപരിയായി കോടികളൊഴുകുന്ന ഒരു ബിസിനസ് കൂടിയാണ്. അവിടെ ഫ്രാഞ്ചൈസികള്‍ക്ക് ലക്ഷ്യം വര്‍ത്തമാനത്തിനൊപ്പം ഭാവി കൂടിയാകും. മുംബയ് ഇന്ത്യന്‍സ് പ്രത്യേകിച്ച് അങ്ങനെയാണ്.

രോഹിത്ത് ശര്‍മ്മ ടീമില്‍ തുടരുന്നുണ്ട്. ഹാര്‍ദിക്കിന്റെ മടങ്ങിവരവിനെ അദ്ദേഹം എതിര്‍ത്തിരുന്നുവെന്നാണ് മുമ്പ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. 15 കോടി രൂപ മുടക്കി ഹാര്‍ദിക്കിനെ എത്തിക്കുന്നതിന് വേണ്ടി 17.5 കോടി മുടക്കി കഴിഞ്ഞ സീസണില്‍ ടീമിലെത്തിച്ച കാമറൂണ്‍ ഗ്രീനിനെ ആര്‍സിബിക്ക് ട്രേഡ് ചെയ്യുന്നതില്‍ രോഹിത്തിന് താത്പര്യമില്ലായിരുന്നു. ഗ്രീന്‍ തുടരട്ടേയെന്ന രോഹിത്തിന്റെ നിലപാട് മാനേജ്‌മെന്റ് അംഗീകരിച്ചിരുന്നില്ല.

View this post on Instagram

A post shared by Mumbai Indians (@mumbaiindians)

നായകമാറ്റത്തില്‍ രോഹിത് ശര്‍മ്മ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ക്ലബ്ബും താരവും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് തീരുമാനമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നതിനായി ഇന്ന് രോഹിത് ശര്‍മ്മ യാത്രതിരിക്കാനിരിക്കെയാണ് മുംബയ് ഇന്ത്യന്‍സ് നായകമാറ്റം പ്രഖ്യാപിച്ചത്.