
ന്യൂഡൽഹി: ഖാലിസ്ഥാൻ നേതാവും ' വാരിസ് പഞ്ചാബ് ദേ" സംഘടനയുടെ തലവനുമായ അമൃത്‌പാൽ സിംഗിന്റെ അടുത്ത അനുയായി കുൽവന്ത് സിംഗിനെ പഞ്ചാബിലെ അജ്നാലയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ കോടതിയിൽ ഹാജരാക്കിയ ഇയാളെ നാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അമൃത്പാലിന്റെ നേതൃത്വത്തിലെ ഖാലിസ്ഥാൻ അനുഭാവികൾ ഫെബ്രുവരി 23ന് ഖാലിസ്ഥാനി നേതാവ് ലവ്പ്രീത് തുഫാന്റെ മോചനം ആവശ്യപ്പെട്ട് അജ്നാല പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചുകയറിയിരുന്നു. ഇവരുമായുണ്ടായ ഏറ്റുമുട്ടലിനിടെ നിരവധി പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.
ഏപ്രിലിൽ പഞ്ചാബിലെ മോഗയിൽ നിന്നാണ് അമൃത്പാലിനെ അറസ്റ്ര് ചെയ്‌തത്. അമൃത്പാൽ അടക്കം 10 വാരിസ് പഞ്ചാബ് ദേ അംഗങ്ങൾ ദേശീയ സുരക്ഷാ നിയമപ്രകാരം നിലവിൽ അസാമിലെ ദിബ്രുഗഢിലെ ജയിലിലാണ്. കുൽവന്ത് സംഭവത്തിന് പിന്നാലെ ഒളിവിൽ പോവുകയായിരുന്നു.