hadiya

കൊച്ചി: തന്റെ മകൾ ഡോ. ഹാദിയയെന്ന അഖിലയെ മലപ്പുറം സ്വദേശിയായ എ.എസ്. സൈനബയടക്കമുള്ളവർ തടവിലാക്കിയിരിക്കുകയാണെന്നാരോപിച്ച് വൈക്കം സ്വദേശി കെ.എം. അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലെ തുടർ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. ഹാദിയ പുന:വിവാഹം കഴിച്ചു തിരുവനന്തപുരത്തു താമസമാണെന്നും ആരും തടഞ്ഞുവച്ചിട്ടില്ലെന്നും വ്യക്തമാക്കി പൊലീസ് ഹർജിയിൽ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് സി. പ്രതീപ് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തുടർ നടപടികൾ അവസാനിപ്പിച്ചത്.

തമിഴ്‌നാട്ടിൽ മെഡിക്കൽ വിദ്യാഭ്യാസത്തിനു പോയ അഖില ഇസ്ളാം മതം സ്വീകരിക്കുകയും കൊല്ലം സ്വദേശി ഷഫീൻ ജഹാനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. മകളെ തട്ടിക്കൊണ്ടുപോയതാണെന്നാരോപിച്ച് അശോകൻ നൽകിയ ഹേബിയസ് ഹർജി അന്ന് ഏറെ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. ഹാദിയയുടെ വിവാഹം പിന്നീട് സുപ്രീം കോടതി ശരിവച്ചു. ഇതിനുശേഷം മകൾ മലപ്പുറത്ത് ഹോമിയോ ക്ളിനിക്ക് തുടങ്ങിയെന്നും ഇടയ്ക്ക് അവിടെ പോയി മകളെ കാണാറുണ്ടായിരുന്നെന്നും ഫോൺ ചെയ്യാറുണ്ടെന്നും അശോകൻ വീണ്ടും നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. ഷഫീൻ ജഹാനുമായുള്ള ബന്ധം തുടരുന്നില്ലെന്നു മകൾ പറഞ്ഞിരുന്നു. കഴിഞ്ഞ ഒരു മാസമായി ഫോണിൽ വിളിച്ചിട്ടു കിട്ടുന്നില്ലെന്നും മലപ്പുറത്തെ ക്ളിനിക്ക് അടഞ്ഞു കിടക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് അശോകൻ ഹൈക്കോടതിയെ സമീപിച്ചത്.