
ബ്രസൽസ്: യൂറോപ്യൻ യൂണിയന്റെ (ഇ.യു) ബഡ്‌ജറ്റിൽ യുക്രെയിനായി വകയിരുത്തിയ 5,400 കോടി ഡോളറിന്റെ സഹായ പാക്കേജ് തടഞ്ഞ് അംഗരാജ്യമായ ഹംഗറി. ജനുവരി വരെയാണ് കരാർ തടഞ്ഞുവച്ചിരിക്കുന്നത്. യുക്രെയിന് യൂറോപ്യൻ യൂണിയൻ അംഗത്വം നൽകുന്നതിനുള്ള ചർച്ചകൾ തുടങ്ങാൻ കഴിഞ്ഞ ദിവസം ധാരണയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യൻ അനുഭാവിയായ ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാൻ യൂറോപ്യൻ കൗൺസിലിൽ കരാറിന് വീറ്റോ ചെയ്തത്. കഴിഞ്ഞ വർഷം ഫെബ്രുവരി 24ന് റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് നാല് ദിവസങ്ങൾക്ക് ശേഷമാണ് യുക്രെയിൻ യൂറോപ്യൻ യൂണിയൻ അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ചത്. നീക്കത്തെ എതിർക്കുമെന്ന് ഒർബാൻ ഭീഷണി മുഴക്കിയിരുന്നെങ്കിലും മറ്റ് അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് പിന്മാറി. ഹംഗറി ഒഴികെ ഇ.യുവിലെ മറ്റ് 26 രാജ്യങ്ങളും യുക്രെയിന് സഹായം നൽകാൻ സമ്മതിച്ചതായി നെതർലൻഡ്സ് പ്രധാനമന്ത്രി മാർക്ക് റൂട്ട് പറഞ്ഞു.