
ഏകദേശം അഞ്ചു വർഷമായി പ്രേക്ഷകർ താടി വച്ച മോഹൻലാലിനെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. 2018 ഡിസംബറിൽ പുറത്തിറങ്ങിയ ഒടിയൻ എന്ന സിനിമയിലാണ് താടി വയ്ക്കാതെ മോഹൻലാൽ അഭിനയിച്ചത്. അതിന് ശേഷം അഭിനയിച്ച എല്ലാ ചിത്രങ്ങളിലും താടി വച്ചാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്. ഒടിയൻ സിനിമയ്ക്ക് വേണ്ടി മോഹൻലാൽ ബോട്ടക്സ് എന്ന ഇഞ്ചക്ഷൻ എടുത്തെന്നും ഈ ഇഞ്ചക്ഷൻ എടുത്ത് കഴിഞ്ഞാൽ മുഖത്തെ മസിലുകൾ പഴയപടിയാകാൻ സമയമെടുക്കുന്നത് കൊണ്ടാണ് താടി വയ്ക്കുന്നതെന്ന് അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ എല്ലാ പ്രചാരണങ്ങൾക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നേരിന്റെ പ്രമോഷനുമായ ബന്ധപ്പെട്ട അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ട് സിനിമകളുടെ ലുക്കിലെ കണ്ടിന്യുവിറ്റിയാണ് താടി എടുക്കാതിരിക്കാനുള്ള കാരണമെന്നാണ് മോഹൻലാൽ പറയുന്നത്. കണിന്യുവിറ്റി ആയിപ്പോയി. രണ്ട് സിനിമകളുടെ കണ്ടിന്യുവിറ്റി. റാമും എമ്പുരാനുമാണ് ആ ചിത്രങ്ങൾ, അതുകൊണ്ട് ഷേവ് ചെയ്യാൻ പറ്റുന്നില്ല എന്നാണ് മോഹൻലാൽ പറഞ്ഞത്. താടി മാറ്റി മീശ പിരിക്കുന്ന മോഹൻലാലിനെ എന്നു കാണാൻ പറ്റുമെന്ന ചോദ്യത്തിന് ഇവരോട് പറ വേഗം ഷൂട്ട് ചെയ്യാനെന്ന് ഒപ്പുമുണ്ടായിരുന്ന ജീത്തു ജോസഫിനെ ചൂണ്ടിക്കാണിച്ച് താരം പറഞ്ഞു. പിന്നെ ഇത് വളരുന്നതാണ്. ഷേവ് ചെയ്താൽ വീണ്ടും വളരുമെന്നും മോഹൻലാൽ തമാശയായി പറഞ്ഞു.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് ഡിസംബർ 21നാണ് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പും സംഗീതം വിഷ്ണു ശ്യാമുമാണ് നിർവഹിക്കുന്നത്. നടിയും അഭിഭാഷകയുമായ ശാന്തിപ്രിയയാണ് തിരക്കഥ. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ ആണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ചിത്രത്തിന്റെ ഇന്ന് പുറത്തിറങ്ങിയ ഗാനത്തിന്റെ വീഡിയോക്ക് മികച്ച വരവേല്പാണ് ലഭിക്കുന്നത്.
ജനുവരി 25നാണ് ചിത്രം തിയറ്ററുകളിെലത്തുന്നത്. കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേത്ര്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, അനൂപിന്റെ മാക്സ് ലാബ്, സിദ്ധാർഥ് ആനന്ദ് കുമാർ, വിക്രം മെഹ്റ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നിവരാണ് മലൈക്കോട്ടൈ വാലിബന്റെ നിർമാതാക്കൾ.