
ടെഹ്‌റാൻ: ഇന്ത്യ, സൗദി അറേബ്യ എന്നിവയടക്കം 33 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇനി മുതൽ രാജ്യത്ത് പ്രവേശിക്കാൻ വിസ വേണ്ടെന്ന് ഇറാൻ. റഷ്യ, യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ലെബനൻ, ട്യൂണീഷ്യ, യൂറോപ്യൻ രാജ്യമായ ക്രൊയേഷ്യ തുടങ്ങിയവയാണ് പട്ടികയിലെ മറ്റ് രാജ്യങ്ങൾ. രാജ്യത്തെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂട്ടാൻ ലക്ഷ്യമിട്ടാണ് നീക്കം. 2016ൽ ടെഹ്‌റാനിലെ തങ്ങളുടെ നയതന്ത്ര ഓഫീസുകൾ ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഇറാനുമായുള്ള ബന്ധം സൗദി അറേബ്യ വിച്ഛേദിച്ചിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ചൈനയുടെ മദ്ധ്യസ്ഥത ചർച്ചയിലൂടെ ഇരുരാജ്യങ്ങളും നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചത്. സൗദി പൗരന്മാർക്ക് വിസ ഒഴിവാക്കിയതോടെ ഇരുരാജ്യങ്ങൾക്കുമിടെയിലെ ബന്ധം കൂടുതൽ ദൃഢമാക്കുകയാണ് ഇറാന്റെ ലക്ഷ്യം.