
തൃശൂർ:ആറ് പതിറ്റാണ്ടത്തെ രാഷ്ട്രീയ ജീവിതത്തിന് ഉടമയാണ് ഇന്നലെ അന്തരിച്ച മുൻ മന്ത്രി കെ.പി.വിശ്വനാഥൻ.
1940 ഏപ്രിൽ 22ന് കുന്നംകുളം ആർത്താറ്റ് കുറുക്കൻപാറ കല്ലായിൽ പാങ്ങന്റെയും പാറുക്കുട്ടിയുടെയും ഒമ്പതാമത്തെ മകനായാണ് ജനനം. കുന്നംകുളം ഗേൾസ് സ്‌കൂളിലും എം.ജെ.ഡി ഹൈസ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. കേരളവർമ്മ കോളേജിൽ നിന്ന് പ്രീ യൂണിവേഴ്‌സിറ്റി പാസായ ശേഷം ഇംഗ്ലീഷിൽ ബിരുദം നേടി. കേരളവർമ്മയിൽ ബാസ്‌ക്കറ്റ്ബാൾ ടീം ക്യാപ്ടനായിരുന്നു. ഹോക്കിയിലും അത്‌ലറ്റിക്‌സിലും ശ്രദ്ധേയനായി. 1963ൽ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായി. 64 ൽ എറണാകുളം ലാ കോളേജിൽ നിയമപഠനത്തിനെത്തി. 1967ൽ യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ പ്രസിഡന്റായി.
1970ൽ ഡി.സി.സി സെക്രട്ടറിയായതിന് പിന്നാലെയാണ് ആദ്യമായി നിയമസഭയിലേയ്ക്ക് മത്സരിക്കുന്നത്. കുന്നംകുളത്ത് കന്നി മത്സരത്തിൽ സി.പി.എമ്മിലെ ടി.കെ.കൃഷ്ണനോട് പരാജയപ്പെട്ടു. 1977ലെ തിരഞ്ഞെടുപ്പിൽ വീണ്ടും ടി.കെ.കൃഷ്ണനെതിരായി മത്സരിച്ച് ജയിച്ച് നിയമസഭയിലെത്തി. 1980ൽ വീണ്ടും കുന്നംകുളത്ത് നിന്ന് വിജയിച്ചു. ഇടതുമുന്നണിക്കൊപ്പം കോൺഗ്രസിലെ ആന്റണി വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായിരുന്നു. 1982ൽ എൽ.ഡി.എഫിലെ കെ.പി. അരവിന്ദാക്ഷനോട് പരാജയപ്പെട്ടതോടെ കുന്നംകുളത്തോട് വിടപറഞ്ഞു. 1987ൽ കൊടകരയിലേക്ക് മാറി. തുടർച്ചയായി നാല് തിരഞ്ഞെടുപ്പിൽ വിജയിച്ച് 20 വർഷം ജനപ്രതിനിധിയായി. 2006 ൽ കൊടകരയിൽ നിന്നും 2011 ൽ പുതുക്കാട് നിന്നും മത്സരിച്ചെങ്കിലും പ്രൊഫ.സി. രവീന്ദ്രനാഥിനോട് പരാജയപ്പെട്ടു.
വനം മന്ത്രിയായിരിക്കെ കോടികളുടെ കഞ്ചാവ് തീയിട്ട് നശിപ്പിച്ച സംഭവത്തെ തുടർന്ന് വി.ആർ.കൃഷ്ണയ്യർ ചെയർമാനായ നാർക്കോട്ടിക് കൗൺസിൽ ഒഫ് ഇന്ത്യയുടെ ദേശീയ അവാർഡ് ലഭിച്ചു. മാതൃക സാമാചിക് അവാർഡ്, കർമ്മശ്രേഷ്ഠ അവാർഡ് എന്നീ പുരസ്‌കാരങ്ങൾക്കും അർഹനായി. തൃശൂർ ജില്ലാ ബാങ്ക് പ്രസിഡന്റ്, ഖാദി ബോർഡ് അംഗം, കെ.എസ്.ആർ.ടി.സി. ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കേരളകൗമുദിക്കായി തൃശൂർ ബ്യൂറോ ചീഫ് ഭാസി പാങ്ങിൽ പുഷ്പചക്രം സമർപ്പിച്ചു.