
മുംബയ്: അഞ്ച് ഐ.പി.എൽ കിരീടത്തിളക്കമുള്ള മുംബയ് ഇന്ത്യൻസിന്റെ രോഹിത് യുഗത്തിന് അന്ത്യമായി. ഭാവിയിലേക്കുള്ള ചുവടുവപ്പായി ഇന്ത്യൻ ക്യാപ്ടൻ കൂടിയായ രോഹിത് ശർമ്മയ്ക്ക് പകരം ഹാർദിക് പാണ്ഡ്യയെ ടീമിന്റെ ക്യാപ്‌ടനായി നിയമിച്ചതായി മുംബയ് ഇന്ത്യൻസ് അധികൃതർ അറിയിച്ചു. 2024 സീസണിൽ ഹാർദികിന്റെ നേതൃത്വത്തിലായിരിക്കും മുംബയ് ഐ.പി.എല്ലിനിറങ്ങുകയെന്ന് ടീമിന്റെ പെർഫോമൻസ് ഡയറക്ടർ മഹേല ജയവർദ്ധനെ പ്രസ്താവനയിൽ അറിയിച്ചു. ഇതിഹാസ താരങ്ങളുടെ നേതൃത്വത്തിൽ കളത്തിലിറങ്ങാൻ അനുഗ്രഹം ലഭിച്ച ടീമാണ് മുംബയ് ഇന്ത്യൻസ്. സച്ചിനിൽ നിന്ന് ഹർഭജനിലേക്കും ഹർഭജനിൽ നിന്ന് റിക്കി പോണ്ടിംഗിലേക്കും തുടർന്ന് രോഹിത് ശർമ്മയിലേക്കും ക്യാപ്ടൻസിയെത്തി. എല്ലാവരും അതിവേഹം മികച്ച റിസൾട്ടും ഉണ്ടാക്കി.ഭാവി മുന്നിൽക്കണ്ടാണ് മുംബയ് എപ്പോഴും മുന്നോട്ടു പോകുന്നത്. ഭാവിയിലേക്ക് ടീമിനെ ശക്തമാക്കി നിലിറുത്തുകയെന്ന് പദ്ധതയുടെ ഭാഗമായാണ് ഇപ്പോൾ ഹാർദികിനെ ക്യാപ്ടനാക്കുന്നത്.
2013മുതൽ ഹാർദികിന്റെ നേതൃത്വത്തിൽ മികച്ച കുതിപ്പാണ് മുംബയ് നടത്തിയത്. ടീമിനെ നേട്ടങ്ങളിൽ നിന്ന് നേട്ടങ്ങളിലേക്ക് അദ്ദേഹം നയിച്ചു. ഐ.പി.എൽ ചരിത്രത്തിലെ തന്നെ മികച്ച ക്യാപടനായി രോഹിത് മാറി.- ജയവർദ്ധനെ പറഞ്ഞു.
കഴിഞ്ഞയിടെയാണ് ഹാർദിക് ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് മുംബയിലേക്ക് വീണ്ടുമെത്തിയത്. ഗുജറാത്ത് ടൈറ്റൻസിനെ അവരുടെ പ്രഥമ ഐ.പി.എൽ സീസണിൽ തന്നെ ചാമ്പ്യൻമാരാക്കുകയും അടുത്ത സീസണിൽ റണ്ണേഴ്സ് അപ്പാക്കുകയും ചെയ്ത ക്യാപ്ടൻസി മികവുമായാണ് ഹാർദിക് മുംബയിലേക്ക് തിരിച്ചെത്തിയത്. ഹാർദികിനെ തിരികെയെത്തിച്ചത് ക്യാപ്ടൻ സ്ഥാനം മുന്നിൽക്കണ്ടാണെങ്കിലും ഇത്രപെട്ടെന്ന് അത് സംഭവിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
2013ൽ റിക്കി പോണ്ടിംഗിന്റെ പിൻഗാമിയായാണ് രോഹിത് ശർമ്മ മുംബയ് ഇന്ത്യൻസിന്റെ ക്യാപ്ടൻ സ്ഥാനം ഏറ്റെടുക്കുന്നത്. ക്യാപ്‌ടനായ ആദ്യ സീസണില്‍ തന്നെ മുംബയ്‌യെ ചാമ്പ്യൻമാരാക്കിയാണ് രോഹിത് തുടങ്ങിയത്. പിന്നീട് 2015, 2017, 2019, 2020 സീസണിലും രോഹിത്തിന്‍റെ നായകത്വത്തില്‍ മുംബയ് ഐ.പി.എൽ കിരീടം സ്വന്തമാക്കി. ഐ.പി.എല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടിയ ആദ്യ ക്യാപ്ടനെന്ന റെക്കാഡ് രോഹിത് സ്വന്തം പേരിലാക്കി. ഹിറ്റ്മാന് കീഴില്‍ ഐ.പി.എല്‍ 2023ലും മുംബയ് പ്ലേ ഓഫ് കളിച്ചിരുന്നു. മുംബയിലെ നേതൃമികവാണ് ഇന്ത്യൻ ടീമിന്റെ ക്യാപ്ടൻ സിയിലേക്കും രോഹിതിനെ എത്തിച്ചത്.