deepti

മുംബയ്: ഇംഗ്ലണ്ടിനെതിരായ ഏകവനിതാ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ വമ്പൻ ജയത്തിലേക്ക്. ഇന്ത്യയുടെ ഒന്നാം ഒന്നാം ഇന്നിംഗ്സ് സ്കോറായ 428/10ന് എതിനെ ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ട് 136 റൺസിന് ഓൾഔട്ടായി. ഇംഗ്ലണ്ടിനെ ഫോളോൺ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 186/6 എന്ന നിലയിലാണ്. നാല് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയ്ക്ക് 478 റൺസിന്റെ കൂറ്റൻ ലീഡായി.

5 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ദീപ്തി ശ‌ർമ്മയാണ് ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്സിൽ തകർച്ചയിലേക്ക് തള്ളിവിട്ടത്. 5.3 ഓവറിൽ 4 മെയ്ഡനുൾപ്പെടെ വെറും 7 റൺസ് വിട്ടുകൊടുത്താണ് ദീപ്തി ടെസ്റ്റിൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. സ്നേഹ റാണ 2 വിക്കറ്റും രേണുക,​ പൂജ എന്നിവർ ഓരോവിക്കറ്റ് വീതവും വീഴ്ത്തി. തകർപ്പൻ അർദ്ധ സെഞ്ച്വറിയുമായി ബാറ്റിംഗിലും ദീപ്തി തിളങ്ങിയിരുന്നു.

410/7 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് അർദ്ധ സെഞ്ച്വറി നേടി മികച്ച ചെറുത്ത്നില്പ് നടത്തിയ ദീപ്തിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഇന്ത്യൻ സ്കോർ 421ൽ വച്ച് ലൗറേൻ ബെല്ലിന്റെ പന്തിൽ സോഫി ഇക്ലസ്റ്റോൺ പിടിച്ചാണ് ദീപ്തി പുറത്തായത്. 113 പന്ത് നേരിട്ട് 67 റൺസ് നേടിയ ദീപ്തി 10 ഫോറും 1 സിക്സും നേടി. അധികം വൈകാതെ രേണുകയേയും (1)​,​ രാജേശ്വരി ഗെയ്‌ക്‌വാദിനേയും (0)​ പുറത്താക്കി സോഫി ഇന്ത്യൻ ഇന്നിംഗ്സിന് തിരശീലയിട്ടു.

തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ടിനെ ഓപ്പണർ സോഫിയ ഡൺക്ലിയെ (11)​ ടീം സ്കോർ 13ൽ വച്ച് ക്ലീൻബൗൾഡാക്കി രേണുകയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് ദീപ്തിയെത്തിയതോടെ ഇംഗ്ലണ്ട് വനിതകൾ കറങ്ങി വീഴുകയായിരുന്നു. 28 റൺസിനിടെയാണ് ഇംഗ്ലണ്ടിന് അവസാന ആറ് വിക്കറ്റുകൾ നഷ്ടമായത്. 59 റൺസടുത്ത നാറ്റ് സ്കൈവറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.

രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണർമാരായ ഷെഫാലി വർമ്മയും (33)​,​ സ്മൃതി മന്ഥനയും (29)​ നല്ല തുടക്കം നൽകിയെങ്കിലും പിന്നീട് വിക്കറ്റുകൾ നഷ്ടമായി.ചാർളി ഡീൻ ഇംഗ്ലണ്ടിനായി 4 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.