
മാലെ : ഇന്ത്യയുമായി ഏർപ്പെട്ട ജല സർവേ കരാറിൽ നിന്ന് പിന്മാറി മാലദ്വീപ്. രാജ്യത്ത് നിന്ന് സൈനികരെ പിൻവലിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ചൈനീസ് അനുകൂലിയായ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പുതിയ നീക്കം. 2019 ജൂൺ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാലദ്വീപ് സന്ദർശിച്ചപ്പോൾ അന്നത്തെ പ്രസിഡന്റായിരുന്ന ഇബ്രാഹിം മുഹമ്മദ് സോലിഹുമായാണ് കരാർ ഒപ്പിട്ടത്. ദ്വീപിലെ തീരപ്രദേശങ്ങൾ, സമുദ്ര പ്രവാഹങ്ങൾ, വേലിയേറ്റം, പവിഴപ്പുറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഹൈഡ്രോഗ്രാഫിക് സർവേയിലൂടെ സമഗ്രമായ പഠനം നടത്താൻ ഇന്ത്യയെ അനുവദിക്കുന്നതായിരുന്നു കരാർ. മാലദ്വീപ് ഉദ്യോഗസ്ഥരുമായി സഹകരിച്ചാണ് സർവേ. 2024 ജൂണിൽ കരാർ പുതുക്കാനിരിക്കെയാണ് പിന്മാറാനുള്ള തീരുമാനം.