ന്യൂഡൽഹി: അതി സുരക്ഷാ സന്നാഹങ്ങൾ മറികടന്ന് പാർലമെന്റിലും പുറത്തും കാണിച്ച അതിക്രമത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന ബിഹാർ സ്വദേശി ലളിത് ഝായെ (35) ഏഴു ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ഇയാൾ കഴിഞ്ഞ ദിവസം പൊലീസിൽ കീഴടങ്ങിയിരുന്നു.

സാഗർ ശർമ്മ, മനോരഞ്ജൻ തുടങ്ങി അഞ്ചു പ്രതികളെയും കസ്റ്റഡിയിലുള്ള ഭഗത് സിംഗ് ഫാൻ ക്ളബ് അംഗം മഹേഷ് കുമാവത്, കൈലാഷ് എന്നിവരെയും ദക്ഷിണ ഡൽഹിയിലുള്ള സ്‌പെഷൽ സെൽ ഒാഫീസിൽ വിശദമായി ചോദ്യം ചെയ‌്‌തു വരികയാണ്. മൈസൂർ, ലാത്തൂർ, ലഖ്‌നൗ, ഹരിയാന, കൽക്കത്ത എന്നിവിടങ്ങളിൽ നിന്നുള്ള തങ്ങൾ ഒരു സമൂഹമാദ്ധ്യമ ഗ്രൂപ്പ് വഴി സംഘടിച്ച് കൃത്യം നടത്തിയെന്ന പ്രതികളുടെ മൊഴി വിശ്വാസത്തിലെടുക്കാതെ ഗൂഢാലോചനയുടെ ആഴവും പരപ്പുമറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.