തിരുവനന്തപുരം:കോർപ്പറേഷന്റെ സ്വയം തൊഴിൽ പദ്ധതി അനുസരിച്ച് സ്വയം സംഘങ്ങൾക്ക് നൽകുന്ന സബ്‌സിഡി തുക ഗുണഭോക്താക്കൾ അറിയാതെ തട്ടിയെടുത്ത സംഭവത്തിൽ പ്രതിയായ യുവതിയെ പൊലീസ് പിടികൂടി. മുരുക്കുംപുഴ സ്വദേശി പൂജപ്പുര വിജയമോഹിനി മില്ലിന് സമീപം വീട്ടിൽ അനു എന്ന രാജില രാജ (33) നെ ആണ് ഫോർട്ട് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ചെറിയതുറയിലെ 20 വീട്ടമ്മമാരെ കബളിപ്പിച്ച് 25 ലക്ഷം രൂപയാണ് തട്ടിയത്. പ്രതിയെ രാത്രിയോടെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി .
മറ്റു പ്രതികളായ ബാങ്ക് മാനേജർ, ഗ്രേസി അനീഷ്, അഖില, എന്നിവർ ഒളിവിലാണ്. വീട്ടമ്മമാർക്ക് സംരംഭങ്ങൾ തുടങ്ങാൻ വായ്പ തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംരംഭങ്ങൾ തുടങ്ങാൻ സ്വയം സഹായസംഘങ്ങൾ രൂപീകരിച്ച ചെറിയതുറ സ്വദേശി ഗ്രേസിയാണ് മുഖ്യ ആസൂത്രകയെന്നു പൊലീസ് പറഞ്ഞു. സ്വയം തൊഴിൽ സംരംഭങ്ങൾക്ക് അഞ്ചുലക്ഷം രൂപയാണ് നൽകുന്നത്. ഇതിൽ 3.75 ലക്ഷം രൂപ കോർപ്പറേഷൻ സബ്സിഡിയാണ്. 1.25 ലക്ഷം രൂപ സംരംഭകർ തിരിച്ചടയ്ക്കണം. നാലുപേർ ചേർന്ന് രൂപവത്കരിക്കുന്ന ഗ്രൂപ്പിനാണ് അഞ്ചുലക്ഷം വീതം നൽകുന്നത്. ഇത്തരത്തിൽ ഏഴു ഗ്രൂപ്പാണുണ്ടായിരുന്നത്.ഇന്ത്യൻ ബാങ്കിലേക്ക് സംരംഭം തുടങ്ങുന്ന രേഖകൾ നൽകുമ്പോൾ ബാങ്കിൽ നിന്നു സംരംഭത്തിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് പണം അനുവദിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, പണം ഈ തുക പൂവച്ചൽ സ്വദേശിയായ അനീഷിന്റെ അക്കൗണ്ടിലേക്കാണു പോയത് . ഇത്തരത്തിൽ നാല് പേർ അടങ്ങുന്ന ഏഴ് സംരംഭക ഗ്രൂപ്പുകളാണ് തുടങ്ങിയത്. ഒരു സംരംഭകർക്കും പണം ലഭിച്ചില്ല. പണം കിട്ടാത്തതോടെ സംരംഭകർ ബാങ്കിൽ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തായത്. തിരിച്ചടവ് മുടങ്ങി അക്കൗണ്ടുകൾ ബാങ്ക് മരവിപ്പിച്ചതോടെയാണ് തട്ടിപ്പിന് ഇരയായെന്ന് വീട്ടമ്മമാർ മനസ്സിലാക്കിയത്.