arrest

കുവൈറ്റ് സിറ്റി: മാരക ലഹരിമരുന്നുകളുമായി കുവൈറ്റില്‍ രണ്ട് പേര്‍ പിടിയില്‍. 35 കിലോഗ്രാം ഹാഷിഷ് ഓയിലും 2000ല്‍ അധികം ഗുളികകളുമായി ജാബിര്‍ അല്‍ അഹ്മദ് പ്രദേശത്ത് നിന്ന് രണ്ട് പേരാണ് പിടിയിലായത്. ആഭ്യന്തര മന്ത്രാലയ അധികൃതരാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ ഇടപാട് സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രതികളില്‍ നിന്ന് ലഹരി മരുന്ന് വിറ്റത് വഴി സമ്പാദിച്ച പണവും പിടികൂടി.

പ്രതികളില്‍ നിന്ന് പിടികൂടിയ ലഹരിമരുന്നും പണവും ബന്ധപ്പെട്ട് വകുപ്പിന് തുടര്‍പരിശോധനയ്ക്കായി കൈമാറി. രാജ്യത്ത് ലഹരിവേട്ട അധികൃതര്‍ ശക്തമാക്കിയതിന് പിന്നാലെ ഈ ആഴ്ചയില്‍ ഇത് രണ്ടാം തവണയാണ് കുവൈറ്റില്‍ ഹാഷിഷ് ഓയിലുമായി പ്രതികളെ പിടികൂടുന്നത്. ചൊവ്വാഴ്ച കുവൈറ്റ് സിറ്റിയില്‍ നിന്ന് ഒന്നരലക്ഷം ദിനാര്‍ മൂല്യം വരുന്ന 40 കിലോഗ്രാം ഹാഷിഷ് ഓയിലുമായി പ്രതികളെ പിടികൂടിയിരുന്നു.

ബോട്ട് മാര്‍ഗം കടത്താന്‍ ശ്രമിച്ച ലഹരിമരുന്നും ഹാഷിഷ് ഓയിലും കോസ്റ്റ്ഗാര്‍ഡ് ആണ് ചൊവ്വാഴ്ച പിടികൂടിയത്. ലഹരിമരുന്ന് കടത്തിനെ കുറിച്ച് രഹസ്യവിവരം ലഭിച്ച ഉദ്യോഗസ്ഥര്‍ പ്രതികളെ പിടികൂടുകയായിരുന്നു. ബോട്ടില്‍ ലഹരി കടത്താന്‍ ശ്രമിച്ച കേസില്‍ അഞ്ച് പ്രതികളെയാണ് പിടികൂടിയത്.


അതേസമയം, ഒമാനിലേക്ക് വന്‍തോതില്‍ മയക്കുമരുന്നുമായി നുഴഞ്ഞു കയറിയ വിദേശികള്‍ കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. വടക്കന്‍ ബാത്തിനയില്‍ നിന്നാണ് റോയല്‍ ഒമാന്‍ പൊലീസ് ഇവരെ പിടികൂടിയത്. പ്രതികളില്‍ നിന്ന് 100 കിലോഗ്രാം ഹാഷിഷും 25 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കുമരുന്നും പിടിച്ചെടുത്തു.

ഏഷ്യന്‍ രാജ്യക്കാരാണ് പിടിയിലായത്. മയക്കുമരുന്നുകളുടെയും ലഹരിപദാര്‍ത്ഥങ്ങളുടെയും കടത്ത് തടയുന്ന ഡയറക്ടറേറ്റ് ജനറലാണ് ഇവരെ പിടികൂടിയത്. പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.