f

കോലഞ്ചേരി: നേന്ത്രക്കായ വില കൂപ്പു കുത്തിയതോടെ കർഷകർ കണ്ണീരിൽ. കഴിഞ്ഞയാഴ്ച ജില്ലയിലെ പ്രമുഖ പച്ചക്കറി വിപണിയായ മഴുവന്നൂരിൽ കായയ്ക്ക് പരമാവധി വില 22 രൂപയ്ക്കാണ് ലേലം നടന്നത്. ഉത്പന്ന വരവ് കൂടിയതാണ് വില തകർച്ചയ്ക്ക് കാരണമായി പറയുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള കായ വരവും കൂടുതലാണ്.

നാടനേക്കാൾ വില കുറച്ച് കിട്ടുമെന്നുള്ളതിനാൽ കായ ചിപ്സുണ്ടാക്കുന്നവർ വരവ് കായയാണ് ആശ്രയിക്കുന്നത്. വില ഇടിഞ്ഞതോടെ വൻ തുക മുടക്കി പാട്ടത്തിനെടുത്ത് കൃഷിയിറക്കിയവരും പ്രതിസന്ധിയിലായി.

ഓണക്കാലത്ത് കിലോ 70 രൂപ വരെയെത്തിയിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് വൻതോതിൽ ഏത്തക്കായ കേരളത്തിലേക്ക് എത്തുന്നതാണ് വിലയിടിവിന് കാരണം. കായ ഉപ്പേരിക്കും ആവശ്യക്കാർ കുറഞ്ഞു. ഉപ്പേരിക്ക് കിലോയ്ക്ക് 320 രൂപ വരെയുള്ളപ്പോൾ കർഷകന് 20 രൂപ മാത്രമാണു ലഭിക്കുന്നത്. ചില്ലറ വില്പനയ്ക്ക് 30 രൂപ വരെയാണ് ലഭിച്ചത്. കർഷകർക്കു 10 രൂപ പോലും കിട്ടാതെ പാളയംകോടൻ കായ വിൽക്കേണ്ടി വന്നു.

ജില്ലയിലെ വി.എഫ്.പി.സി.കെയുടെ പല വിപണികളിലും കായയുടെ വരവ് വളരെ കൂടുതലാണ്. വിറ്റഴിഞ്ഞ് പോകാത്ത ഇടങ്ങളിൽ നിന്ന് ഞായറാഴ്ചകളിൽ നടക്കുന്ന മഴുവന്നൂർ വിപണിയിലേയ്ക്കാണ് ഇവയിൽ പലതും വന്നെത്തുന്നത്. അതോടെ ക്രമാതീതമായ വരവിൽ വില കുത്തനെ ഇടിയുകയാണ്.

പി.വി. പൗലോസ്

മുൻ പ്രസിഡന്റ്

മഴുവന്നൂർ വിപണി

രാസ വളത്തിനുൾപ്പെടെയുണ്ടായ വിലക്കയറ്റത്തിൽ കൃഷി പരിപാലന ചെലവ് മുൻ വർഷങ്ങളേക്കാൾ കൂടുതലായി. ഏത്ത വാഴ കൃഷിക്ക് കിലോയ്ക്ക് ശരാശരി 40 ചെലവു വരും. കർഷകന് ഇതിന്റെ പകുതി പോലും കിട്ടുന്നില്ല.

രാജൻ,

കർഷകൻ,

മഴുവന്നൂർ

തമിഴ്നാട്ടിലെ മൊത്ത വിപണികളിൽ കായ കെട്ടി കിടക്കുകയാണ്. കേരളത്തിലെ മൊത്ത കച്ചവടക്കാർ ലേലം കൊള്ളുന്നില്ല. നാടൻ കായ ആവശ്യത്തിലധികം കടകളിൽ നേരിട്ട് വില്പനക്ക് എത്തുന്നുണ്ട്.

കെ.എം. പരീക്കുട്ടി

മൊത്ത വ്യാപാരി.