vladmir-putin

മോസ്‌കോ: യുക്രെയിനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യൻ ജനതയുടെ ജീവിതത്തിലുണ്ടായിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ. ഗർഭച്ഛിദ്രം നടത്താനുള്ള, ദീർഘകാലമായി നിലനിൽക്കുന്ന അവകാശം പോലും ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയാണിപ്പോൾ.

പതിറ്റാണ്ടുകളായി റഷ്യയിൽ ഗർഭച്ഛിദ്രം നിയമപരമാണ്. എന്നാൽ ഗർഭച്ഛിദ്രം നിയന്ത്രിക്കണമെന്ന പ്രഖ്യാപനവുമായെത്തിയിരിക്കുകയാണ് പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ. വീട്ടിലിരിക്കാനും കൂടുതൽ സൈനികർക്ക് ജന്മം നൽകാനുമാണ് പ്രസിഡന്റ് ആഹ്വാനം ചെയ്തിരിക്കുന്നത്. യുദ്ധത്തിൽ മരണസംഖ്യ ഉയരുന്ന പശ്ചാത്തലത്തിലാണ് നിർദേശം.


നിലവിൽ 6,17,000 റഷ്യൻ സൈനികർ യുദ്ധമുഖത്തുണ്ടെന്ന് പുടിൻ വെളിപ്പെടുത്തി. രാജ്യവ്യാപകമായി പ്രതിദിനം 1,500 പേർ സൈന്യത്തിൽ ചേരുന്നുണ്ട്. റഷ്യൻ ഓർത്തഡോക്സ് സഭയുടെ ആവശ്യങ്ങൾക്ക് വഴങ്ങി സ്വകാര്യ ക്ലിനിക്കുകളിൽ ഗർഭച്ഛിദ്രം നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.


'വീട്ടിൽ ഇരിക്കുക, കൂടുതൽ സൈനികർക്ക് ജന്മം നൽകുക.'- എന്ന സന്ദേശവും പ്രസിഡന്റ് പങ്കുവച്ചു. എട്ട് കുട്ടികൾക്കെങ്കിലും ജന്മം നൽകി, വലിയ കുടുംബങ്ങളാകൂവെന്ന് ഈ മാസം ആദ്യം പുടിൻ സ്ത്രീകളോട് അഭ്യർത്ഥിച്ചിരുന്നു.

ഇത് വ്യാപകമായ അടിച്ചമർത്തലാണെന്നാണ് ആളുകൾ കരുതുന്നത്. ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾക്കെതിരെ പ്രതികരിച്ച ലെഡ ഗാരിന എന്ന റഷ്യൻ ഫെമിനിസ്റ്റ് ആക്ടിവിസ്റ്റിനെ ജോർജിയയിലേക്ക് നാടുകടത്തപ്പെട്ടു. 1990 കളെ അപേക്ഷിച്ച് റഷ്യയിൽ ഗർഭച്ഛിദ്ര നിരക്ക് ഇതിനോടകംതന്നെ പത്തിരട്ടിയായി കുറഞ്ഞെന്നാണ് റഷ്യൻ ഡെമോഗ്രാഫർ വിക്ടോറിയ സാകെവിച്ച് പറയുന്നത്.