cake

ബംഗളൂരു: ഈ വർഷം ഏ​റ്റവും കൂടുതൽ കേക്കുകളുടെ വിൽപ്പന നടന്ന നഗരമായി മാറി ബംഗളൂരു. ജനപ്രിയ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയുടെ ഔദ്യോഗിക വെബ്‌സൈ​റ്റിൽ 'ഹൗ ഇന്ത്യ സ്വിഗ്ഗിഡ് ഇൻ 2023' എന്ന തലക്കെട്ടോടുകൂടി പ്രസിദ്ധീകരിച്ച ഒരു ബ്ലോഗിലൂടെയാണ് രസകരമായ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

ഇതിലൂടെ ബംഗളൂരുവിന് 'കേക്കുകളുടെ നഗരം'(കേക്ക് ക്യാപി​റ്റൽ) എന്ന പേരും ലഭിച്ചു. ഈ വർഷം എട്ട് മില്ല്യണിലധികം പേരാണ് സ്വിഗ്ഗി വഴി കേക്ക് ഓർഡർ ചെയ്തത്. ചോക്ലേ​റ്റ് ഫ്‌ളേവറിലുളള കേക്കുകളാണ് ഓർഡർ ചെയ്തവയിൽ ഏറിയ പങ്കും. ജനങ്ങൾക്ക് ചോക്ലേ​റ്റ് കേക്കാണ് കൂടുതൽ ഇഷ്ടമെന്നും ബ്ലോഗിൽ വിവരിക്കുന്നുണ്ട്.

' വാലന്റെയ്ൻസ് ഡേയോട് അനുബന്ധിച്ച് നഗരത്തിൽ മിനിട്ടിൽ 271 കേക്കുകൾ വീതമാണ് വിൽപ്പന നടന്നത്. ഇപ്പോഴുളളവർ സന്തോഷവാൻമാരാണ്. ഇത് സന്തോഷത്തിന്റെ തുടക്കമാണ്.സന്തോഷം എല്ലാവരും കേക്കിലൂടെയാണ് പങ്കുവയ്ക്കുന്നത്'- കേക്ക് പ്രേമിയായ യശസ്വനി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.മ​റ്റൊരു ഉപയോക്താവായ ഹർഷിത ഷെട്ടിയും തന്റെ പ്രിയപ്പെട്ടത് ചോക്ലേ​റ്റ് കേക്കാണെന്നും വ്യക്തമാക്കി.

'നിലവിൽ ഒരുപാട് ബേക്കറി കച്ചവടക്കാർ നഗരത്തിലുണ്ട്. പുതിയ കേക്ക് കമ്പനികൾ ഇവിടെ ആരംഭിക്കാൻ പോകുന്നു. അതിനാൽ തന്നെ സ്വിഗ്ഗിയിലൂടെ കേക്കിന്റെ വിൽപ്പന നന്നായി നടക്കുന്നുണ്ട്. ജനങ്ങൾ കേക്കുകൾ ഇഷ്ടപ്പെടുന്നത് കൊണ്ട് ഞങ്ങളുടെ ബിസിനസ് നന്നായി നടക്കുന്നു'- കേക്ക് വ്യവസായിയായ ഗൗതം വിശദീകരിച്ചു. ഒരു ദിവസം മാത്രം നാഗ്പൂർ സ്വദേശി 92 കേക്കുകളാണ് ഓർഡർ ചെയ്തതെന്ന് സ്വിഗ്ഗി കണക്കുകൾ വ്യക്തമാക്കുന്നു. ബംഗളൂരു കൂടാതെ ചെന്നൈ, ന്യൂഡൽഹി, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ ജനങ്ങളും കേക്കുകൾ കൂടുതലായി ഓർഡർ ചെയ്യുന്നുണ്ട്.

സ്വിഗ്ഗിയിൽ ഏറ്റവും കൂടുതൽ ഓർ‌ഡർ നടന്നത് ബിരിയാണിക്ക്

മുംബയ് നിവാസിയായ ഒരു യുവാവ് ഈ വർഷം 42 ലക്ഷം രൂപയുടെ ഭക്ഷണം സ്വിഗ്ഗി വഴി ഓർഡർ ചെയ്തതായുമുളള അതിശയപ്പെടുത്തുന്ന കണക്കുകളും പുറത്തുവന്നിരുന്നു. കഴിഞ്ഞ എട്ട് വർഷങ്ങളിലുളള കണക്കുകൾ പരിശോധിക്കുമ്പോൾ ഉപയോക്താക്കൾക്ക് പ്രിയം ബിരിയാണിയോടാണെന്ന വിവരവും കണക്കിൽ വ്യക്തമാകുന്നുണ്ട്.

ഒരു സെക്കൻഡിൽ 2.5 ബിരിയാണികളുടെ ഓർഡറുകളാണ് സ്വിഗിക്ക് ലഭിച്ചിട്ടുളളത്. ഹൈദരാബാദിലുളള ഒരു യുവാവ് 2023ൽ മാത്രം ഓർഡർ ചെയ്തത് 1633 ബിരിയാണികളാണ്. ഇത് പ്രതിദിനം നാല് പ്ലേ​റ്റ് ബിരിയാണികൾക്ക് തുല്യമാണ്. കുടുതൽ ആളുകളും ഓർഡർ ചെയ്യുന്നത് ചിക്കൻ ബിരിയാണിയാണ്.