
കെജിഎഫിന് ശേഷം ഹോംബാലെ ഫിലിംസ് നിർമ്മിച്ച് പ്രശാന്ത് നീൽ സംവിധാനം നിർവഹിച്ച പ്രഭാസ് - പൃഥ്വിരാജ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമാണ് 'സലാർ'. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഡിസംബർ 22നാണ് തീയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് സ്വന്തമാക്കിയിരിക്കുകയാണ് പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലി. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാണ്.
പ്രഭാസ് നായകനാകുന്ന സലാറിന്റെ ട്രെയിലർ ഇതിനോടകം തന്നെ യൂട്യൂബിൽ തരംഗമായി മാറിയിരുന്നു. ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുക. വരദരാജ മന്നാർ എന്ന അധോലോക നേതാവും അയാളുടെ ഉറ്റ ചങ്ങാതിയുമായ ദേവയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ആദ്യ ഭാഗമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. പൃഥ്വിരാജാണ് വരദരാജ മന്നാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രഭാസാണ് ദേവ.സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും, മാജിക് ഫ്രെയിംസും ചേർന്നാണ്.
സലാറിന്റെ ഛായാഗ്രഹണം നിർവഹിച്ചത് ഭുവൻ ഗൗഡയാണ്. സംഗീത സംവിധാനം- രവി ബസ്രുർ, നിർമ്മാണം – വിജയ് കിരഗാണ്ടർ, പ്രൊഡക്ഷൻ ഡിസൈനർ - ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻമ്പറിവ്, കോസ്റ്റ്യൂം – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ - ഉജ്വൽ കുൽകർണി.