
കോഴിക്കോട്: കേരളത്തിലെ ജനങ്ങൾ ഏറ്റവുമധികം വെറുക്കപ്പെട്ട മുഖ്യമന്ത്രിയായി പിണറായി വിജയന് പടിയിറങ്ങേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നവകേരള ബസിന് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചതിനെതിരെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'വഴിയരികിൽ സമാധാനപരമായി നിന്ന് കരിങ്കൊടി കാണിച്ച പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാനും സഫാരി സ്യൂട്ടിട്ട പൊലീസ് ക്രിമിനലുകളും കൂടി മാരകായുധം പോലുള്ള വലിയ വടി ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയാണുണ്ടായത്. വിദ്യാർത്ഥികളായ രണ്ട് പ്രവർത്തകരെയാണ് ക്രൂരമായി ആക്രമിച്ചത്. പൊലീസിൽ അറിയപ്പെടുന്ന ക്രിമിനൽ പശ്ചാത്തലമുള്ളവരെയാണ് മുഖ്യമന്ത്രി കൂടെ കൊണ്ട് നടക്കുന്നത്. സർജറി കഴിഞ്ഞ് നിന്ന ഒരു മാദ്ധ്യമപ്രവർത്തകനെ യാതൊരു പ്രകോപനവുമില്ലാതെ കഴിഞ്ഞ ദിവസം കഴുത്തിന് കുത്തിപ്പിടിച്ച് ആക്രമിച്ചില്ലേ മുഖ്യമന്ത്രിയുടെ ഗൺമാൻ. കല്ലിയൂർ സ്വദേശി അനിൽ എന്ന അതേ ക്രിമിനൽ തന്നെയാണ് ഇപ്പൊ ഞങ്ങളുടെ കുട്ടികളെയും ആക്രമിച്ചത്. ഇയാൾക്കൊപ്പം തിരുവനന്തപുരം സ്വദേശി സന്ദീപ്, ബാക്കിയുള്ള സഫാരി സ്യൂട്ടിട്ട ക്രിമിനലുകൾ ഇവരെയെല്ലാം ഞങ്ങൾക്കറിയാം. എല്ലാവരുടെയും ക്രിമിനൽ പശ്ചാത്തലവും ഞങ്ങൾക്കറിയാം. മുഖ്യമന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ ഇനി ഞങ്ങളും ജീവൻ രക്ഷാ പ്രവർത്തനം ആരംഭിക്കും. മുഖ്യമന്ത്രി ഇവരെ പരസ്യമായി സംരക്ഷിക്കുകയാണ്. അദ്ദേഹത്തിന്റെ സുരക്ഷയ്‌ക്ക് ഇന്നലെ എന്ത് വീഴ്ചയാണ് ഉണ്ടായത്.' - വി ഡി സതീശൻ ചോദിച്ചു.
'ഗവർണറുടെ വാഹനം എസ്‌എഫ്‌ഐക്കാർ തടഞ്ഞ് നിർത്തി അതിന് കേടുപാടുണ്ടാക്കി. ഞങ്ങളുടെ കുട്ടികൾ അങ്ങനെ എന്തെങ്കിലും ചെയ്തോ? ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി നിർത്തിയിരുന്നവർക്ക് നേരെയാണ് ഈ ക്രിമിനലുകൾ വന്ന് വൃത്തികേട് മുഴുവൻ കാണിച്ചത്. അതിന് ശേഷം കെപിസിസി ജനറൽ സെക്രട്ടറി എംജെ ജോബിന്റെ വീട് ആക്രമിച്ചു. സർജറി കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ഭാര്യയെ ഉപദ്രവിച്ചു. വീട് മുഴുവൻ തല്ലിപ്പൊളിച്ചു. മുഖ്യമന്ത്രിയുടെ സമനിലയാണ് തെറ്റിയിരിക്കുന്നത്. കേരളത്തിലെ ജനങ്ങൾ ഇന്ന് ഏറ്റവും വലിയ ശത്രുവായി കാണുന്നത് മുഖ്യമന്ത്രിയെയാണ്. ജനങ്ങളുടെ പൈസയ്‌ക്ക് നവകേരള സദസ് നടത്തി രാഷ്ട്രീയം പറയുന്ന ഈ മുഖ്യമന്ത്രിയെ കേരളത്തിലെ ജനങ്ങൾ വെറുക്കുകയാണ്. ഏറ്റവും വെറുക്കപ്പെടുന്ന, ജനങ്ങൾ ആട്ടിയോടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന് പടിയിറങ്ങേണ്ടിവരും. എന്തൊരു ധിക്കാരമാണിത്. എല്ലാവരെയും തല്ലിയൊതുക്കി മിടുക്കനായി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട.' - പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
'ആരാന്റെ മക്കളെ റോഡിലിട്ട് ഉപദ്രവിക്കുമ്പോൾ കണ്ട് സന്തോഷിക്കുന്ന സാഡിസ്റ്റാണ് ഇയാൾ. ഞങ്ങൾ വിചാരിച്ചാൽ ഈ ക്രിമിനൽ പൊലീസുകാരൊന്നും അവന്റെ വീട്ടിൽ നിന്നിറങ്ങില്ല. അതിന് തന്റേടമുള്ള കോൺഗ്രസുകാർ നാട്ടിലുണ്ട്. ഞങ്ങളുടെ മര്യാദയുടെ അതിർവരമ്പുകളെല്ലാം തകർത്തിരിക്കുകയാണ്. മഹാരാജാവെന്നാണ് ഇയാളുടെ ധാരണ. ഇയാൾ എഴുന്നള്ളുമ്പോൾ വഴിയിൽ ആരും പാടില്ല. മുഖ്യമന്ത്രിക്കൊപ്പമുള്ള മന്ത്രിമാർ ശ്രദ്ധിക്കണം, ഏതോ മരുന്ന് കഴിക്കാൻ മറക്കുന്നുണ്ട്, അതാണ് ഇങ്ങനെ തോന്ന്യവാസം പറയുന്നത്. ആ മരുന്ന് കൊടുത്ത് നാട്ടുകാരെ രക്ഷിക്കണം. ബാക്കി എല്ലാവരുടെയും സമനില തെറ്റിയെന്നാണ് അയാൾ പറയുന്നത്. സംയമനം പാലിക്കുന്നതിന് ഒരു പരിധിയുണ്ട്. ഇതിലപ്പുറം പോകാൻ കഴിയില്ല. - വി ഡി സതീശൻ പറഞ്ഞു.