police

പെരുമ്പാവൂർ: ആളൊഴിഞ്ഞ വീട്ടിൽ മോഷണം നടത്തിയ കേസിൽ രണ്ടുപേർ പെരുമ്പാവൂർ പൊലീസിന്റെ പിടിയിൽ. കാലടി മ​റ്റൂർ വട്ടപ്പറമ്പ് വാഴേലിപ്പറമ്പ് കിഷോർ (40), ചേർത്തല പള്ളിപ്പുറം അമ്പനാട്ട് മഹേഷ് (48) എന്നിവരാണ് അറസ്​റ്റിലായത്.

കഴിഞ്ഞ 26ന് ചേലാമ​റ്റം റോഡ് സൈഡിലുള്ള വീട്ടിൽക്കയറി 3പവൻ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. യാത്രപോയിരുന്ന വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണത്തെക്കുറിച്ച് അറിഞ്ഞത്. വിവിധ സ്​റ്റേഷനുകളിലായി മഹേഷ് 40ലധികം കേസുകളിൽ പ്രതിയാണ്. പാഴൂരിലെ ക്ഷേത്രമോഷണ കേസിലും നോർത്ത് പറവൂരിലെ വിഗ്രഹ മോഷണക്കേസിലും പ്രതിയാണ്. കിഷോർ 20 ലധികം മോഷണക്കേസുകളിൽ പ്രതിയാണ്.

ഇരുവരും ഒന്നരമാസം മുമ്പാണ് ജയിലിൽ നിന്നിറങ്ങിയത്. പകൽ സമയങ്ങളിൽ ബൈക്കിൽ കറങ്ങി പൂട്ടിക്കിടക്കുന്ന വീടുകൾ കണ്ടുവയ്ക്കും. തുടർന്ന് രാത്രി മോഷണം നടത്തുകയാണ് രീതി. മോഷ്ടിക്കുന്ന സ്വർണം വി​ല്പന നടത്തി ലഭിക്കുന്ന പണം കൊണ്ട് ആർഭാടജീവിതം നയിക്കും. ചേലാമ​റ്റത്തുനിന്ന് മോഷ്ടിച്ച സ്വർണം വിറ്റ മഞ്ഞപ്രയിലെ ജുവലറിയിൽനിന്ന് കണ്ടെടുത്തു.

ഇവർ സഞ്ചരിച്ച സ്‌കൂട്ടറും കസ്​റ്റഡിയിലെടുത്തു.എ.എസ്.പി ജുവനപ്പടി മഹേഷിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ ആർ. രഞ്ജിത്ത്, സബ് ഇൻസ്‌പെക്ടർ റിൻസ് എം.തോമസ്, എ.എസ്.ഐ എ. ജയചന്ദ്രൻ, സീനിയർ സി.പി.ഒമാരായ പി.എ. അബ്ദുൽ മനാഫ്, ടി.പി. ശകുന്തള, സി.പി.ഒ കെ.എ. അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.