
കേരളത്തിന്റെ തല കുനിച്ച് സ്ത്രീധന പീഡന മരണങ്ങളും ഗാർഹിക പീഡനങ്ങളും. സംസ്ഥാനത്ത് സ്ത്രീധന പീഡന മരണങ്ങളിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ടെങ്കിലും സ്ത്രീധന പീഡനങ്ങൾക്ക് യാതൊരു കുറവുമില്ലെന്ന് ദൈനം ദിന വാർത്തകളിൽ നിന്നും നമുക്ക് മനസ്സിലാക്കാം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥിനി ഡോ.ഷഹന ആത്മഹത്യ ചെയ്തതോടെയാണ് സ്ത്രീധന മരണം കേരളത്തിൽ വീണ്ടും ചർച്ചയാകുന്നത്. എല്ലാവർക്കും പണമാണ് വലുതെന്നാണ് ആത്മഹത്യാകുറിപ്പിൽ ഷഹന എഴുതിയത്. ജൂനിയർ ഡോക്ടർ റുവൈസുമായി ഷഹന പ്രണയത്തിലായിരുന്നു. വിവാഹക്കാര്യം വന്നപ്പോൾ റുവൈസിന്റെ പിതാവ് സ്ത്രീധനം ആവശ്യപ്പെട്ടു. പിതാവിന്റെ തീരുമാനത്തിലുറച്ച് റുവൈസും നിന്നതോടെ വിവാഹം മുടങ്ങി. ഇതിൽ മനംനൊന്താണ് ഷഹന ആത്മഹത്യ ചെയ്തത്.
നാഷണൽ ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ 2011 മുതൽ 2923 ഒക്ടോബർ വരെയുള്ള കണക്ക് പ്രകാരം കഴിഞ്ഞ 12 വർഷത്തിനിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 192 സ്ത്രീധന മരണങ്ങളാണ്. 32 പേർ മരിച്ച 2012ലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട 2020ലാണ് ഏറ്റവും കുറവ് സ്ത്രീധന മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 2016-25, 2017-12, 2018-17, 2019-8, 2021-9 സ്ത്രീധന മരണങ്ങളും ഈ വർഷം ഒക്ടോബർ വരെ ഏഴ് സ്ത്രീധന മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമപരമായി തെറ്റാണെന്ന ഉറച്ച ബോദ്ധ്യം മലയാളികൾക്ക് ഉണ്ടെങ്കിലും ഈ പ്രവൃത്തി മാറ്റി നിറുത്താൻ ഭൂരിഭാഗം പേരും തയ്യാറാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. സ്ത്രീധന നിരോധന നിയമത്തിന്റെ മൂന്നാം വകുപ്പ് പ്രകാരം സ്ത്രീധനം കൊടുക്കുന്നതോ വാങ്ങുന്നതോ അതിന് പ്രേരിപ്പിക്കുന്നതോ അഞ്ച് വർഷത്തിൽ കുറയാത്ത തടവും 15,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. അപ്രകാരം വാങ്ങിയ സ്ത്രീധനം മൂന്ന് മാസത്തിനുള്ളിൽ വധുവിന് തിരികെ നൽകണം. അല്ലാത്തപക്ഷം ആറ് മാസത്തിൽ കുറയാത്തതും രണ്ട് വർഷം വരെ തടവും 5,000 മുതൽ 10,000 പിഴയും ലഭിക്കാവുന്നതാണ്.
അഞ്ച് വർഷം കൊണ്ട് കേരളം സ്ത്രീധന മുക്തമാക്കുമെന്ന പ്രഖ്യാപനം 2019ൽ വന്നിരുന്നു. എന്നാൽ ആ പ്രഖ്യാപനം ഫലപ്രാപ്തിയിലെത്തിയിട്ടില്ല എന്നത് നിരാശാജനകമാണ്. വിദ്യാഭ്യാസപരമായും സാമൂഹികമായും വളരെ മുന്നിൽ നിൽക്കുന്ന കേരളത്തിൽ സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനങ്ങളും മരണങ്ങളും ലജ്ജാകരമാണെന്നതിൽ തർക്കമില്ല. സ്ത്രീകൾ നേരിടുന്ന ശാരീരിക-മാനസിക പീഡനങ്ങളിൽ ഏറിയ പങ്കും ഉണ്ടാക്കുന്നത് കുടുംബത്തിൽ നിന്നും ജീവിത പങ്കാളിയിൽ നിന്നുമാണ്. ലോകാരോഗ്യ സംഘടനയുടെ 2018ലെ കണക്ക് പ്രകാരം മൂന്നിൽ ഒരു സ്ത്രീ പങ്കാളിയിൽ നിന്നുള്ള ശാരീരിക മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട് എന്നാണ് പറയുന്നത്. സ്ത്രീകളുടെ കൊലപാതകങ്ങളിൽ മൂന്നിലൊന്നിന് കാരണം പങ്കാളിയുടെ പീഡനമാണെന്നും കണക്കുകൾ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ നമുക്ക് സിക്കിം, നാഗാലാന്റ്, മണിപ്പൂർ, മിസോറാം, ഗോവ എന്നിവയെ മാതൃകയാക്കാം. പോയവർഷം സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട ഒരു കേസും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല.
സ്ത്രീധനം കുറഞ്ഞ് പോയെന്ന് ആരോപിച്ച് ഭർത്താവിൽ നിന്നേറ്റ നിരന്തര പീഡനം സഹിക്കാതെ കൊല്ലത്ത് വിസ്മയ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം കേരളക്കര മറക്കാനിടയില്ല. ഇങ്ങനെ നിരവധി പെൺകുട്ടികളുടെ തേങ്ങൽ കേരളത്തിൽ അലയടിക്കുന്നുണ്ട്. 24കാരിയായ അർച്ചനയെ വിഴിഞ്ഞത്തെ വാടക വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയെങ്കിൽ വള്ളിക്കുന്നത്തെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് 19കാരിയായ സുചിത്രയെ കണ്ടെത്തിയത്. പത്തനംതിട്ട ജില്ലയിലെ അഞ്ചലിൽ സൂരജ് എന്ന യുവാവ് സ്ത്രീധനമായി കിട്ടാവുന്നത്ര പണവും സ്വത്തുക്കളും നേടിയ ശേഷം ഭാര്യ ഉത്രയെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന സംഭവം വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു.
മാറ്റപ്പെടേണ്ട വ്യവസ്ഥ
ജാതി-മത-വർഗ ഭേദമന്യേ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും നിലനിൽക്കുന്ന മാറ്റപ്പെടേണ്ട വ്യവസ്ഥയാണ് സ്ത്രീധനം. നിലവിലെ നിയമ സംവിധാനങ്ങൾക്ക് ഈ വിപത്തിനെ തടയാൻ സാധിക്കുന്നില്ല. വിവാഹ സമ്പ്രദായത്തെ ഒന്നടങ്കം പരിഷ്ക്കരിക്കേണ്ടത് അനിവാര്യമാണ്. ഇതിന്റെ ആദ്യ പടിയായി തങ്ങളുടെ സമ്പത്ത് പ്രകടിപ്പിക്കാനുള്ള വേദിയല്ല വിവാഹം എന്ന ചിന്ത വേണം. സ്ത്രീധന സമ്പ്രദായം നമ്മുടെ പെൺമക്കളെ കേവലം വില്പനച്ചരക്കാക്കുകയാണെന്ന് മാതാപിതാക്കൾ മനസ്സിലാക്കണം.
കൂടുതൽ കേരളത്തിൽ
കേന്ദ്ര വനിതാ ശിശുവികസന വകുപ്പും രാജഗിരി കേളേജും 2021ൽ നടത്തിയ സർവ്വേ പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീധന പീഡനം നേരിടുന്നത് 20നും 40നും ഇടയിൽ പ്രായമുള്ളവരാണ്. ഭർത്താവിന്റെ വരുമാനത്തെ മാത്രം ആശ്രയിക്കേണ്ടി വരുന്നതാണ് പലപ്പോഴും സ്ത്രീകളെ നിശബ്ദരാക്കുന്നതെന്നും സ്ത്രീധന പീഡനം നേരിടുന്നവരിൽ 78 ശതമാനവും തൊഴിലില്ലാത്ത ഭാര്യമാരാണെന്നും പഠനത്തിൽ കണ്ടെത്തിയിരുന്നു.
നവംബർ 26ന് സ്ത്രീധന നിരോധന ദിനമായി ആചരിച്ചത് കൊണ്ട് മാത്രം ഇല്ലാതാവുന്ന ഒന്നല്ല സ്ത്രീധന വ്യവസ്ഥ. വെറുമൊരു പ്രതിജ്ഞയിൽ മാത്രം ഒതുങ്ങുന്നതാവരുത് ഈ ദിനം. സ്ത്രീധനം നൽകിയാൽ മാത്രം സ്വീകരിക്കുന്ന വീടുകളിലേക്ക് കയറിച്ചെല്ലേണ്ടവളല്ല താനെന്ന ഉറച്ച തീരുമാനം ഓരോ പെൺകുട്ടിയും എടുക്കണം. സ്ത്രീകളുടെ വിദ്യാഭ്യസ പരമായ മുന്നേറ്റവും നിയമ പരിജ്ഞാനവും സ്ത്രീധന വിഷയത്തിൽ പുത്തൻ അവബോധങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും