
കൊച്ചി: ആഗോള മേഖലയിലെ അനുകൂല ചലനങ്ങളുടെയും ആഭ്യന്തര സാമ്പത്തിക വളർച്ചയുടെയും കരുത്തിൽ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകരുടെ റെക്കാഡ് പണമൊഴുക്ക്. നടപ്പു വർഷം ഇതുവരെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വാങ്ങിയത് ഒന്നര ലക്ഷം കോടി രൂപയുടെ ഓഹരികളാണെന്ന് എക്സ്ചേഞ്ചിൽ നിന്നുള്ള കണക്കുകൾ വൃക്തമാക്കുന്നു.
ആറു വർഷത്തിനിടെയിലെ ഏറ്റവും മികച്ച പ്രതിവാര മുന്നേറ്റവുമായാണ് സെൻസെക്സും നിഫ്റ്റിയും വെള്ളിയാഴ്ച വ്യാപാരം പൂർത്തിയാക്കിയത്.
പലിശ വർദ്ധന നടപടികൾക്ക് വിരാമമായെന്ന അമേരിക്കൻ ഫെഡറൽ റിസർവിന്റെയും ബാങ്ക് ഒഫ് ഇംഗ്ളണ്ടിന്റെയും യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെയും നിലപാടുകളാണ് കഴിഞ്ഞ വാരം ഇന്ത്യയിലേക്ക് വൻതോതിൽ നിക്ഷേപം ഒഴുക്കാൻ വിദേശ നിക്ഷേപകരെ പ്രേരിപ്പിച്ചത്.
കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങളിലും വിദേശ നിക്ഷേപകർ സജീവമായി ഓഹരികൾ വാങ്ങിക്കൂട്ടി. ഇക്കാലയളവിൽ 18,858.5 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. യു.എസ് കടപ്പത്രങ്ങളുടെ മൂല്യത്തിലുണ്ടായ കനത്ത ഇടിവ് മൂലം മികച്ച വരുമാന സാദ്ധ്യത തുറന്നിടുന്ന ഇന്ത്യ ഉൾപ്പെടെയുള്ള എമർജിംഗ് സാമ്പത്തിക മേഖലകളിൽ വിദേശ നിക്ഷേപകർ ഏറെ താത്പര്യം പ്രകടിപ്പിക്കുന്നു. ഐ.ടി, ലോഹങ്ങൾ, പൊതുമേഖലാ ബാങ്കുകൾ തുടങ്ങിയവയിലാണ് നിക്ഷേപ താത്പര്യം മികച്ച തോതിൽ ദൃശ്യമായത്.
ഐ. ടി ഓഹരികൾക്ക് പ്രിയമേറുന്നു
രാജ്യത്തെ മുൻ നിര ഐ.ടി കമ്പനികളായ ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, മൈൻഡ്ട്രീ, എച്ച്.സി.എൽ ടെക്നോളജീസ്, പെൻസിസ്റ്റന്റ് എന്നിവയുടെ ഓഹരി വിലയിൽ വൻ മുന്നേറ്റം ദൃശ്യമായി.
തലയുയർത്തി രൂപ
ഓഹരി വിപണിയിലെ മികച്ച മുന്നേറ്റത്തിന്റെയും വിദേശ നിക്ഷേപ പണമൊഴുക്കിന്റെയും കരുത്തിൽ അമേരിക്കൻ ഡോളറിനെതിരെ രൂപ മികച്ച നേട്ടമുണ്ടാക്കുന്നു. സാമ്പത്തിക മേഖല അസാധാരണമായി ശക്തി പ്രാപിച്ചതോടെ നിക്ഷേപകർ ഡോളർ വിറ്റു മാറി രൂപയിൽ സജീവമായി. ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിൽ റെക്കാഡ് വളർച്ചയാണ് നടപ്പുവർഷം പ്രതീക്ഷിക്കുന്നത്. വാരാന്ത്യത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 27 പൈസ ഉയർന്ന് 83.03 ൽ എത്തി. വരും ദിവസങ്ങളിൽ രൂപയുടെ മൂല്യം 80 കടന്നേക്കുമെന്നാണ് പ്രവചനം.