mohanlal-

പ്രിയ സുഹൃത്ത് പഠിച്ച സ്കൂളിൽ സർപ്രെെസ് അതിഥിയായെത്തി നടൻ മോഹൻലാൽ. ഡിസ്‌നി സ്റ്റാർ ഇന്ത്യ കൺട്രി മാനേജർ ആൻഡ് പ്രസിഡന്റ് കെ മാധവന്റെ നാടായ കോഴിക്കോട് വെെക്കിലശ്ശേരിയിലെ സ്കൂളിലാണ് മോഹൻലാൽ എത്തിയത്. ഒരു നുറ്റാണ്ട് പഴക്കമുള്ള വെെക്കിലശ്ശേരി യു പി സ്കൂളിൽ ശതാബ്ധി ആഘോഷ പരിപാടികൾ കുറച്ച് ദിവസങ്ങളായി നടന്നുവരുന്നുണ്ട്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ കെ മാധവനെ ആദരിക്കുന്ന പരിപാടിയിലേക്കാണ് മോഹൻലാൽ അപ്രതീക്ഷിതമായി എത്തിയത്.

'ഈ സ്കൂളിനെപ്പറ്റിയും പഠിപ്പിച്ച ടീച്ചർമാരെപ്പറ്റിയും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഒരു പൊസിഷനിലേക്ക് എത്തിപ്പെട്ടിരിക്കുകയാണ്. പക്ഷേ അതിന്റെയൊക്കെ തുടക്കം ഇവിടെനിന്നാണ്. അതിന്റെ ഗുരുത്വം അദ്ദേഹംത്തിനുണ്ട്'. - മോഹൻലാൽ പറഞ്ഞു. നടന്റെ വരവിലുള്ള അമ്പരപ്പിലായിരുന്നു അദ്ധ്യാപകർ.

മോഹൻലാലുമായി വളരെ നല്ല ആത്മബന്ധമുള്ളയാളാണ് കെ മാധവൻ. ഇരുവരും അടുത്തിടെ വിംബിൾഡൺ സെമി ഫെെനൽ കാണാൻ ഒരുമിച്ച് പോയിരുന്നു. കെ മാധവന്റെ കുടുംബവുമായും വളരെ അടുത്ത ബന്ധമുള്ള നടനാണ് മോഹൻലാൽ. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന മാധവന്റെ മകന്റെ വിവാഹം റിസപ്ഷനിലും മോഹൻലാൽ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത 'നേര്' എന്ന സിനിമയുടെ പ്രമോഷൻ തിരക്കിലാണ് താരം. ഇതിനിടെയാണ് അദ്ദേഹം തന്റെ പ്രിയ സുഹൃത്തിനെ കാണാൻ എത്തിയത്.

ഡിസംബർ 21നാണ് 'നേര്' തിയേറ്ററിൽ എത്തുന്നത്. നിയമയുദ്ധത്തിന്റെ പശ്ചാത്തലത്തിലൂടെ കോർട്ട് റൂം ഡ്രാമയായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മോഹൻലാൽ, പ്രിയ മണി, അനശ്വര രാജൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം ത്രില്ലറായാണ് ഒരുക്കിയത്. മോഹൻലാലും പ്രിയ മണിയും അഭിഭാഷകരായാണ് എത്തുന്നത്. ചിത്രത്തിൽ ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാർ, നന്ദു, മാത്യു വർഗീസ്, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഢൻ, കലേഷ്, കലാഭവൻ ജിന്റോ, ശാന്തി മായാദേവി, രമ ദേവി, രശ്മി അനിൽ എന്നിവരാണ് മറ്റ് താരങ്ങൾ.