autorickshaw

തൃശൂർ: സി എൻ ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു. തൃശൂർ ഗാന്ധിനഗറിലാണ് സംഭവം. മരിച്ചത് പെരിങ്ങാവ് മേലുവളപ്പിൽ പ്രമോദ് ആണെന്നാണ് പ്രാഥമിക നിഗമനം. പുറകിലെ സീറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സി എൻ ജി ഇന്ധനത്തിൽ ഓടുന്ന ഓട്ടോറിക്ഷയിൽ നിന്ന് വലിയ രീതിയിൽ തീ ഉയരുകയായിരുന്നു. ആത്മഹത്യയാണെന്നാണ് സംശയം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു. ഓട്ടോയിൽ ഉണ്ടായിരുന്നയാൾ വെന്തുമരിച്ച നിലയിലായിരുന്നു. മരിച്ചയാളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. ആളൊഴിഞ്ഞ ഇടറോഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോയാണ് കത്തിയത്. സംഭവസ്ഥലത്ത് പൊലീസും അഗ്നിശമന സേനയും എത്തി തുടർ നടപടികൾ സ്വീകരിച്ചു.

ഇക്കഴിഞ്ഞ ഒക്ടോബറിൽ ബസിടിച്ച് മറിഞ്ഞ സിഎൻജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് രണ്ട് പേർ മരിച്ചിരുന്നു. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചത്. കണ്ണൂർ കൂത്തുപറമ്പ് ആറാം മൈലിലാണ് സംഭവം.പാനൂരിനടുത്ത് പാറാട്ട് ടൗണിന് സമീപം കൊളവല്ലൂരിലെ അഭിലാഷ്, ഷിജിൻ എന്നിവരാണ് മരിച്ചത്.

അഭിലാഷാണ് ഓട്ടോ ഓടിച്ചിരുന്നത്. ഷിജിൻ പിറകിലെ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. തലശേരി ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന എം ഫോർ സിക്സ് എന്ന ബസാണ് അപകടത്തിന് ഇടയാക്കിയത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോയ്ക്ക് തീപ്പിടിക്കുകയായിരുന്നു. കൂത്തു പറമ്പിൽ നിന്നെത്തിയ അഗ്നിശമന സേന സംഘമാണ് തീ അണച്ചത്.