vandiperiyar-casre

തിരുവനന്തപുരം: വണ്ടിപ്പെരിയാർ പോക്‌സോ കേസിൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ആരോപിച്ച് സംസ്ഥാന പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തിയ മഹിള മോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്തു. അഞ്ച് പേർക്കെതിരെ മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്. അതിക്രമിച്ച് കയറൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.

ഡിജിപി എസ് ദർവേഷ് സാഹിബ് ഔദ്യോഗിക വസതിയുള്ളപ്പോൾ ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചായിരുന്നു മഹിള മോർച്ചയുടെ പ്രതിഷേധം. അഞ്ച് പ്രവർത്തകർ മുറ്റത്തിരുന്ന് മുദ്രാവാക്യം വിളിച്ചു. പ്രതിഷേധവുമായി പ്രവർത്തകർ എത്തുമ്പോൾ വേണ്ടത്ര പൊലീസുകാർ ഗേറ്റിന് മുമ്പിലുണ്ടായിരുന്നില്ല. പിന്നീട് കൂടുതൽ പൊലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ഡിജിപി കമ്മിഷണറെ വിളിച്ച് വരുത്തി വിശദീകരണം തേടി. പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ നിർദ്ദേശിച്ചിരുന്നു. പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്നാണ് മഹിള മോർച്ച ആദ്യം അറിയിച്ചത്. എന്നാൽ പിന്നീട് സംസ്ഥാന പൊലീസ് മേധാവിയുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. പരാതി നൽകാനുണ്ടെന്ന് പറഞ്ഞാണ് വീടിന് മുന്നിലെ സന്ദർശക ഗേറ്റിന് പരിസരത്ത് പ്രവർത്തകർ എത്തിയത്. വനിത പൊലീസ് ഏറെ പരിശ്രമിച്ചാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്.