
കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തുന്നതിനോടനുബന്ധിച്ച് കാലിക്കറ്റ് സർവകലാശാലയിൽ കനത്ത സുരക്ഷയേർപ്പെടുത്തി. അഞ്ഞൂറിലധികം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റിയിൽ കാലുകുത്താൻ ഗവർണറെ അനുവദിക്കില്ലെന്ന എസ് എഫ് ഐയുടെ വെല്ലുവിളിയുടെ പശ്ചാത്തലത്തിലാണ് സുരക്ഷ കൂട്ടിയത്.
കൊണ്ടോട്ടി ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് സുരക്ഷയേർപ്പെടുത്തിയത്. വൈകിട്ട് ആറേകാലോടെ ഗവർണർ കരിപ്പൂർ വിമാനത്താവളത്തിലെത്തും. തുടർന്ന് സർവകലാശാല ഗൗസ്റ്റ് ഹൗസിലേക്ക് പോകും. നാളെ കോഴിക്കോട് നടക്കുന്ന സാദിഖലി ശിഹാബ് തങ്ങളുടെ മകന്റ വിവാഹത്തില്‍ പങ്കെടുക്കും. തിങ്കളാഴ്ച 3.30ന് ഭാരതീയ വിചാരകേന്ദ്രവും സനാതന ധര്‍മ ചെയറും ചേര്‍ന്ന് സര്‍വകലാശാല കോംപ്ലക്സില്‍ സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുത്ത ശേഷം രാത്രി തന്നെ തിരുവനന്തപുരത്തേക്ക് മടങ്ങും.
വാഹനം തടയാൻ എസ്എഫ്ഐ പ്രവർത്തകർ എത്തിയാൽ ഇനിയും പുറത്തിറങ്ങുമെന്ന് അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു. കോഴിക്കോട്ടേക്ക് പുറപ്പെടുന്നതിന് മുമ്പ് ഡൽഹിയിൽ മാദ്ധ്യമങ്ങളെ കാണുമ്പോഴായിരുന്നു പ്രതികരണം.