
പത്തനംതിട്ട: സി പി എം ഭരിക്കുന്ന പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തിലെ കുടുംബശ്രീ ഫണ്ട് തട്ടിപ്പ് കേസിൽ സി ഡി എസ് ചെയർപേഴ്‌സൺ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. സി ഡി എസ് ചെയർപേഴ്സൺ പി കെ സുജ, അക്കൗണ്ടന്റ് എ ഷീനമോൾ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ വായ്പാ സഹായം, കിറ്റ് വിതരണം തുടങ്ങിയ വിവിധ പദ്ധതികളിൽ നിന്നായി 69 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. കൂടുതൽ തട്ടിപ്പ് നടന്നോയെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം പരിശോധിക്കുന്നുണ്ട്.
കുടുംബശ്രീയ്ക്ക് അനുവദിച്ചിട്ടുള്ള മുഖ്യമന്ത്രിയുടെ വായ്പാ സഹായം, കിറ്റ് വിതരണം, ജനകീയ ഹോട്ടൽ തുടങ്ങിയ എല്ലാ പദ്ധതികളിലും പ്രതികൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. 2018മുതൽ 2023വരെയുള്ള രേഖങ്ങളാണ് കുടുംബശ്രീ ഓഡിറ്റ് വിഭാഗം പരിശോധിച്ചത്. ഇതിൽ നിന്ന് 69ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നെന്ന് കണ്ടെത്തി. ആയിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് വരെ ചെക്ക് നിർബന്ധമാണ്. എന്നാൽ പണമെല്ലാം സ്വന്തം അക്കൗണ്ട് വഴി തോന്നും പോലെയാണ് പ്രതികൾ ചെലവിട്ടത്. അറസ്റ്റിലായ രണ്ട് പേർക്ക് പുറമേ കേസിൽ പ്രതിയാക്കപ്പെട്ട വി ഇ ഒ ബിൻസിയുടെ പങ്ക് ബോദ്ധ്യപ്പെട്ടാൽ അവരെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.