
വാഷിംഗ്ടൺ : പാൻകേക്കുകൾ കഴിക്കാൻ നൽകിയതിന്റെ പേരിൽ 81 കാരിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി 85കാരൻ. യു.എസിലെ വാഷിംഗ്ടൺ ഡിസിയിലാണ് സംഭവം. ഡിസംബർ 10നാണ് സ്റ്റീവൻ ഷ്വാർട്സ് എന്നയാൾ തന്റെ ഭാര്യ ഷാരോൺ ഷ്വാർട്സിനെ വീട്ടിലെ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കൊണ്ട് കൊലപ്പെടുത്തിയത്. സ്റ്റീവൻ സ്വയം കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു.
അടുത്തിടെ ഒരു സ്‌ട്രോക്കുണ്ടായതിന് ശേഷം തന്റെ ചലനശേഷിയിലും ഭക്ഷണക്രമത്തിലും കാര്യമായ മാറ്റമുണ്ടായെന്ന് സ്റ്റീവൻ പറയുന്നു. സ്റ്റീവന്റെ ശരീരഭാരം വീണ്ടെടുക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് ഷാരോൺ പാകം ചെയ്ത് നൽകിയിരുന്നത്.
കൊല നടന്ന ദിവസം രാവിലെ, സ്റ്റീവനായി ഷാരോൺ പാൻകേക്ക് തയാറാക്കിയിരുന്നു. എന്നാൽ ഇത് കഴിക്കാൻ സ്റ്റീവൻ വിസമ്മതിച്ചു. തർക്കത്തിനിടെ, പ്രാതലിന് മധുരമുള്ള ഒന്നും തനിക്ക് കഴിക്കാൻ കഴിയില്ലെന്ന് പറഞ്ഞെന്നും പിന്നാലെ ഭിത്തിയിലേക്ക് പാത്രം എറിയുന്ന ശബ്ദം കേട്ടത് ഓർമ്മയുണ്ടെന്നും സ്റ്റീവൻ പറയുന്നു.
ഇതിനിടെ കത്തിയെടുത്ത് സ്വയം കുത്തുമെന്ന് താൻ ഭീഷണി മുഴക്കി. തന്റെ ഭാര്യ നിലത്ത് കിടക്കുന്നത് മാത്രമാണ് ഇതിന് ശേഷം തനിക്ക് ഓർമ്മയുള്ളതെന്നും സ്റ്റീവൻ പൊലീസിനോട് വെളിപ്പെടുത്തി.
വീടിനുള്ളിൽ നിന്ന് നിലവിളി കേട്ട അയൽവാസികൾ വിവരം ദമ്പതികളുടെ മകനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ഇതിനിടെ സ്റ്റീവൻ സ്വയം കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷാരോൺ മരിച്ചിരുന്നു.
കത്തി ഷാരോണിന്റെ ഹൃദയത്തിൽ തുളച്ചിറങ്ങിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പിന്നിൽ നിന്നാണ് കുത്തേറ്റത്. ആശുപത്രിയിൽ നിന്ന് വിട്ടയച്ച സ്റ്റീവനെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ജനുവരി 2ന് കോടതി വാദം കേൾക്കും.