ചിത്രീകരണം ഉടൻ ആരംഭിക്കും

ss

കഠിനകഠോരമീ അണ്ഡകടാഹത്തിനു ശേഷം സംവിധായകൻ മുഹഷിനും തിരക്കഥാകൃത്ത് ഹർഷാദും ഒരുമിക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും ലുക്‌മാനും നായകൻമാർ. കാമി സിനിമാസിനൊപ്പം ഫെയർബേ ഫിലിംസും ചേർന്നൊരുക്കുന്ന ആദ്യ സിനിമയാണിത്. ചിത്രത്തിലേക്കുള്ള കാസ്റ്റിംഗ് കാൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. ഉണ്ട, പുഴു എന്നീ ചിത്രങ്ങൾക്കു ശേഷം ഹർഷാദ് തിരക്കഥ എഴുതി നവാഗതനായ മുഹഷിൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു കഠിന കഠോരമീ അണ്ഡകടാഹം. ബേസിൽ ജോസഫ്, ഇന്ദ്രൻസ്, ജോണി ആന്റണി, ഫറ ഷിബില, ബിനു പപ്പു എന്നിവരാണ് കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചത്. അതേസമയം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലുക്‌മാനും നസ്ളനുമാണ് നായകന്മാർ. ഉടൻ ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്ന ചിത്രത്തിനു ശേഷം മുഹഷിന്റെ ചിത്രത്തിൽ ലുക്‌മാൻ അഭിനയിക്കും. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തിൽ അഭിനയിച്ചുവരികയാണ് ധ്യാൻ. കഥാപാത്രത്തിനു വേണ്ടി ധ്യാൻ ശരീരഭാരം കുറച്ചിട്ടുണ്ട്. പുതിയ ലുക്കിലെ ചിത്രങ്ങൾ ധ്യാൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. മൂന്നാറിൽ ചിത്രീകരണം പുരോഗമിക്കുന്ന വർഷങ്ങൾക്കുശേഷത്തിൽ പ്രണവ് മോഹൻലാൽ,നിവിൻ പോളി, കല്യാണി പ്രിയദർശൻ ഉൾപ്പെടെ വൻതാരനിര അണിനിരക്കുന്നു.