
ന്യൂഡൽഹി: അറബിക്കടലിൽ സോമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ എം. വി. റ്യൂവൻ എന്ന മാൾട്ട ചരക്കു കപ്പലിനെ രക്ഷിക്കാൻ ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പലും പട്രോൾ വിമാനവും പാഞ്ഞെത്തി.
പതിനെട്ട് ജീവനക്കാരുള്ള കപ്പൽ വ്യാഴാഴ്ച യെമനിലെ സൊകോത്ര ദ്വീപിന് 380 നോട്ടിക്കൽ മൈൽ കിഴക്കു വച്ചാണ് റാഞ്ചിയത്. ഇവിടം കടൽക്കൊള്ള മുക്ത മേഖലയായിരുന്നു. കപ്പൽ തുർക്കിയെയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാർ ഏറ്റെടുക്കുകയും ചെയ്തു.
അജ്ഞാതരായ ആറ് പേർ അതിക്രമിച്ചു കയറിയെന്നും നിയന്ത്രണം തങ്ങൾക്കല്ലെന്നും കപ്പലിലെ സെക്യൂരിറ്റി ഓഫീസറുടെ അടിയന്തര സന്ദേശം യു. കെ മറൈൻ ട്രേഡ് ഓപ്പറേഷൻസ് പോർട്ടലിൽ വെള്ളിയാഴ്ച എത്തി. അപായ സന്ദേശത്തോട് ആദ്യം പ്രതികരിച്ചത് ഇന്ത്യൻ നാവിക സേനയാണ്. ഉടൻ തന്നെ ഏഡൻ കടലിടുക്കിൽ പട്രോളിംഗ് നടത്തിയിരുന്ന യുദ്ധക്കപ്പലും നിരീക്ഷണ വിമാനവും മാൾട്ട കപ്പലിനടുത്തേക്ക് തിരിച്ചു വിട്ടു. വെള്ളിയാഴ്ച പുലർച്ചെ കപ്പൽ കണ്ടെത്തിയ ഇന്ത്യൻ വിമാനം കപ്പലിന് മീതേ പറന്ന് സ്ഥിതി വിലയിരുത്തി. ഇന്നലെ പുലർച്ചെ ഇന്ത്യൻ യുദ്ധക്കപ്പൽ മാൾട്ട കപ്പലിനെ തടഞ്ഞതായാണ് റിപ്പോർട്ട്.
ആറ് സുഹൃത്തുക്കൾ കപ്പൽ പിടിച്ചെടുത്തെന്നും സോമാലിയയിലെ പുന്ത്ലാൻഡ് തീരത്തേക്ക് കപ്പൽ കൊണ്ടുപോകുമെന്നും സംഘവുമായി ബന്ധമുള്ള മുക്താർ
മൊഹമൂദ് എന്നയാൾ ഫോണിൽ റോയിട്ടേഴ്സ് വാർത്താ ഏജൻസിയെ അറിയിച്ചിരുന്നു.
യൂറോപ്യൻ നാവികസേനയുടെ സ്പെയിനിലെ കേന്ദ്രത്തിലും സന്ദേശം ലഭിച്ചു. കപ്പലിനെ മോചിപ്പിക്കാൻ യൂറോപ്യൻ യൂണിയന്റെ കടൽക്കൊള്ള വിരുദ്ധ ദൗത്യമായ ഓപ്പറേഷൻ അറ്റ്ലാന്റ പ്രവർത്തനം ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി സ്പാനിഷ് യുദ്ധക്കപ്പലായ വിക്ടോറിയയെ സ്ഥലത്തേക്ക് നിയോഗിച്ചു.
കപ്പലുമായുള്ള ബന്ധം നഷ്‌ടമായതായി നടത്തിപ്പുകാരായ നേവിബൾഗർ കമ്പനി അറിയിച്ചു. ജീവനക്കാർ സുരക്ഷിതരാണെങ്കിലും കപ്പലിന്റെ നിയന്ത്രണം അവർക്കല്ലെന്നും റാഞ്ചികൾ തങ്ങളുമായി ബന്ധപ്പെടുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി ഡയറക്ടർ അലക്സാണ്ടർ കാൽചേവ് പറഞ്ഞു.
എം. വി റ്യൂവൻ കപ്പൽ
മാൾട്ടയിൽ രജിസ്ട്രേഷൻ.
നടത്തിപ്പ് ബൾഗേറിയയിലെ നേവിബൾഗർ കമ്പനി
എട്ട് ജീവനക്കാർ ബൾഗേറിയക്കാർ.
മറ്റുള്ളവർ അംഗോള, മ്യാൻമർ സ്വദേശികൾ.
ആദ്യം ഇന്ത്യൻ നേവി
സമുദ്ര സുരക്ഷയിൽ ഇന്ത്യയുടെ ശേഷി പ്രകടമാക്കിയ ദൗത്യമാണിത്. 2017ന് ശേഷം കടൽക്കൊള്ളക്കാരുടെ ആദ്യ ആക്രമണമാണിത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പട്രോളിംഗ് ശക്തമാക്കിയതോടെ ഏഡൻ കടലിടുക്കിലും ഇന്ത്യൻ മഹാസമുദ്രത്തിലും ഏതാനും വർഷങ്ങളായി കടൽക്കൊള്ള കുറഞ്ഞിരുന്നു.
സൊമാലി കടൽക്കൊള്ള
(ലോകബാങ്കിന്റെ കണക്ക് )
2011ൽ 212 ആക്രമണങ്ങൾ
ജീവനക്കാരെ ബന്ദികളാക്കി മോചനദ്രവ്യം ആവശ്യപ്പെടും
2005 - 2012ൽ വാങ്ങിയ മോചനദ്രവ്യം 3500 കോടി രൂപ
ലോകസമ്പദ് വ്യവസ്ഥയുടെ വാർഷിക നഷ്‌ടം 1.5ലക്ഷം കോടി രൂപ