rahul-mankoottathil

തിരുവനന്തപുരം: എത്ര സുരക്ഷയൊരുക്കിയാലും ഇന്ന് വൈകുന്നേരം ക്രിമിനൽ പൊലീസ് സന്ദീപിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ആലപ്പുഴയിൽ നവകേരള ബസിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ പ്രവർത്തകരെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

'വടി വെട്ടാൻ പോയിട്ടല്ലേയുള്ളൂ, ഇങ്ങനെ പേടിക്കാതെ വിജയൻ പൊലീസേ, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ തല്ലിയ ഗുണ്ടാ പൊലീസുകാരുടെ വീടുകൾക്ക് സുരക്ഷ വർദ്ധിപ്പിച്ച് പൊലീസ് ഉത്തരവ്. എത്ര സുരക്ഷയൊരുക്കിയാലും വൈകുന്നേരം ക്രിമിനൽ പൊലീസ് സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ്സ് മാർച്ച്....' എന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പ്രതികരണം.

നവകേരള ബസിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന പ്രവർത്തകരെ ക്രൂരമായി മർദിച്ച പൊലീസുകാരുടെ ചിത്രങ്ങൾ മുൻപ് തന്നെ രാഹുൽ മാങ്കൂട്ടത്തിൽ സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചിരുന്നു. സമരക്കാരെ തെരുവിൽ തല്ലുന്ന വിജയൻ സേനയിലെ പൊലീസ് ഗുണ്ടകളെ കണ്ടെത്തുന്നത് വരെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് തുടരുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

'വിജയൻ സേനയിലെ ക്രിമിനൽ പൊലീസ് തലവൻ തിരുവനന്തപുരം സ്വദേശി അനിൽ കുമാർ' എന്ന തലക്കെട്ടോടെയാണ് രാഹുൽ ഇന്ന് ചിത്രം പങ്കുവച്ചത്. ഇതേ ഉദ്യോഗസ്ഥനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. 'പൊലീസിൽ അറിയപ്പെടുന്ന ക്രിമിനൽ പശ്ചാത്തലമുള്ളവരെയാണ് മുഖ്യമന്ത്രി കൂടെ കൊണ്ട് നടക്കുന്നത്. സർജറി കഴിഞ്ഞ് നിന്ന ഒരു മാദ്ധ്യമ പ്രവർത്തകനെ യാതൊരു പ്രകോപനവുമില്ലാതെ കഴിഞ്ഞ ദിവസം കഴുത്തിന് കുത്തിപ്പിടിച്ച് ആക്രമിച്ചില്ലേ മുഖ്യമന്ത്രിയുടെ ഗൺമാൻ. കല്ലിയൂർ സ്വദേശി അനിൽ എന്ന അതേ ക്രിമിനൽ തന്നെയാണ് ഇപ്പൊ ഞങ്ങളുടെ കുട്ടികളെയും ആക്രമിച്ചത്.' എന്നാണ് വി ഡി സതീശൻ പറഞ്ഞത്.