sfi-protest

കോഴിക്കോട്: കാലിക്ക​റ്റ് സർവ്വകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തുന്നതിന് മുൻപ് തന്നെ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്ത്. ഇന്ന് ആറ് മണിയോടുകൂടിയാണ് ഗവർണർ സർവ്വകലാശാലയിൽ എത്തുന്നത്. അതിന് മുൻപ് തന്നെ പ്രവർത്തകർ ഗസ്റ്റ് ഹൗസിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധം നടത്തുകയായിരുന്നു. ഇവരെ ബലം പ്രയോഗിച്ചാണ് പൊലീസ് നീക്കം ചെയ്തത്.

കനത്ത സുരക്ഷയാണ് പൊലീസ് ക്യാമ്പസിൽ ഒരുക്കിയിരിക്കുന്നത്. പ്രതിഷേധക്കാർ കൊണ്ടുവന്ന കരിങ്കൊടികൾ പ്ലക്കാർഡുകൾ തുടങ്ങിയവ പൊലീസ് ക്യാമ്പസിൽ നിന്നും നീക്കം ചെയ്തു.അതേസമയം,ഗവർണർക്കെതിരൊയ പ്രതിഷേധത്തിൽ നിന്നും പിന്നോട്ടില്ലെന്ന് എസ്എഫ്‌ഐ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ഞൂറിലധികം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റിയിൽ കാലുകുത്താൻ ഗവർണറെ അനുവദിക്കില്ലെന്ന എസ്എഫ്ഐയുടെ വെല്ലുവിളിയുടെ പശ്ചാത്തലത്തിലാണ് പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചത്.

കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സുരക്ഷയേർപ്പെടുത്തിയത്. കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന ഗവ‌ർണർ സർവകലാശാല ഗസ്റ്റ് ഹൗസിലേക്ക് പോകും. തുടർന്ന് നാളെ കോഴിക്കോട് നടക്കുന്ന സാദിഖലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കും. തിങ്കളാഴ്ച മൂന്നരയ്ക്ക് നടക്കുന്ന ഭാരതീയ വിചാരകേന്ദ്രവും സനാതന ധർമ ചെയറും ചേർന്ന് സർവകലാശാല കോംപ്ലക്സിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുത്ത ശേഷം രാത്രി തന്നെ തിരുവനന്തപുരത്തേക്ക് മടങ്ങും.