sfi

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയിൽ ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആർഷോയുടെയും സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് അക്രമാസക്തമായതിന് പിന്നാലെയാണ് പൊലീസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയത്. ബല പ്രയോഗത്തിലൂടെയാണ് പൊലീസ് നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്ത നീക്കിയത്.

പ്രതിഷേധത്തിനിടെ ഉടുമുണ്ട് പിടിച്ച പൊലീസുകാരനോട് രൂക്ഷമായാണ് സംസ്ഥാന സെക്രട്ടറി ആർഷോ പ്രതികരിച്ചത്. 'ആരാടാ..നീ മുണ്ട് പിടിക്കാൻ ആരാടാ...ആരിഫ് ഖാന്റെ ചെരുപ്പുനക്കി വാടാ..മുണ്ടിൽ പിടിച്ചു വലിക്കുന്നോ'- എന്നാണ് ആർഷോ പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ ഉറക്കെ വിളിച്ച് പറഞ്ഞത്. എന്നാൽ ആർഷോയെ സമാധാനിപ്പിച്ചു കൊണ്ടാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രതിഷേധത്തിൽ നിന്നും മാറ്റുന്നത്. 'ആർഷോ നീ വാ, ഞാൻ അല്ലേ, പറയുന്നേ, ഞാൻ നോക്കിക്കോളാം നീവാ' എന്നു പറഞ്ഞുകൊണ്ടാണ് പൊലീസ് ആർഷോയെ നീക്കുന്നത്.

ഗവർണർക്കെതിരെ കരിങ്കൊടിയും ഗോബാക്ക് വിളികളുമായാണ് എസ്എഫ്‌ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. വിവാഹചടങ്ങിലും കാലിക്കറ്റ് സർവ്വകലാശാലയിലെ പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഗവർണർ കോഴിക്കോട് എത്തുന്നത്. എസ്എഫ്‌ഐ പ്രതിഷേധം കണക്കിലെടുത്ത് താമസം സർവ്വകലാശാല ഗസ്റ്റ് ഹൗസിലാണ്. ക്യാമ്പസിലെ വിവിഐപി ഗസ്റ്റ് ഹൗസിലാണ് ഗവർണർ താമസിക്കുക.