
ന്യൂഡൽഹി : പാർലമെന്റിൽ അതിക്രമിച്ചു കയറിയ അഞ്ചംഗസംഘം ദേഹത്ത് സ്വയം തീകൊളുത്താൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് അറിയിച്ചു.സഭയ്ക്കുള്ളിൽ ലഘുലേഖകൾ വിതരണം ചെയ്യാനും ഇവർ ഉദ്ദേശിച്ചിരുന്നതായി കേസ് അന്വേഷിക്കുന്ന ഡൽഹി പൊലീസ് വിശദമാക്കി. തീ കൊളുത്തുമ്പോൾ ശരീരത്തിൽ പൊള്ളലേൽക്കാതിരിക്കാൻ പുരട്ടുന്ന ക്രീം ലഭിക്കാതെ വന്നപ്പോഴാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു.
പാർലമെന്റ് അതിക്രമത്തിലെ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന ലളിത് ഝായെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങൾ വെളിപ്പെട്ടത്. തീകൊളുത്താനുള്ള ആദ്യ പദ്ധതി നടപ്പാക്കാൻ കഴിയാതെ വന്നതോടെയാണ് പ്ലാൻ ബി അനുസരിച്ച് സ്പ്രേ അടിക്കുന്ന രീതിയിലേക്ക് മാറിയത്.
സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. പ്രതാപ് സിംഹയുടെ ശുപാർശയിൽ ലഭിച്ച പാസ് ഉപയോഗിച്ചാണ് അക്രമികൾ പാർലമെന്റിനകത്ത് കയറിയത് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു, സാഗർ ശർമ്മ, ഡി. മനോരഞ്ജൻ എന്നിവരാണ് പാർലമെന്റ് മന്ദിരത്തിനകത്ത് കടന്ന് പ്രതിഷേധം നടത്തിയത്.
ഇതേസമയം അമോൽ ഷിൻഡെ, നീലം ദേവി എന്നിവർ പാർലമെന്റിന് പുറത്തും പ്രതിഷേധം നടത്തി. അഞ്ചാമൻ ലളിത് ഝാ ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. നാലുപേരെ സംഭവം നടന്ന ഉടനെയും ലളിത് ഝായെ പിന്നീടും പൊലീസ് പിടികൂടി. പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. അതേസമയം കേസിൽ ഒരാൾ കൂടി പിടിയിലായതായി സൂചതനയുണ്ട്. രാജസ്ഥാനിലെ നാഗൂർ ജില്ലക്കാരനായ മഹേഷ് കുമാവത് എന്നയാളെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.