
തിരുവന്തപുരം : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനും പൊലീസുകാർക്കും നേരെ ആക്രമണ സാദ്ധ്യതയുള്ളതിനാൽ ഇവരുടെ വീടുകൾക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്താൻ ഉത്തരവ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുവാണ് ഉത്തരവിറക്കിയത്.
വെള്ളിയാഴ്ചയാണ് ആലപ്പുഴയിലെ കൈതോലയിൽ മുഖ്യമന്ത്രിയുടെ നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാനും എസ്കോർട്ടിനുണ്ടായിരുന്ന പൊലീസുകാരും ചേർന്ന് മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങളും ഗൺമാൻ അനിൽ കല്ലിയൂരിന്റെയും എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ സന്ദീപിന്റെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടുുപേരുടെയും വീടുകൾക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്താൻ ഉത്തരവിറക്കിയത്. അനിൽ കല്ലിയൂരിന്റെ പേരൂർക്കടയിലെയും കല്ലിയൂരിലെയും വീടിനും സന്ദീപിന്റെ മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പൊട്ടക്കുഴിയിലെ വീടിനും പ്രത്യേക സുരക്ഷ നൽകും. ഇരുവരുടെയും വീടുകളിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് പൊലീസിന്റെ ഉത്തരവ്.
അതേസമയം അനിൽകുമാറിന്റെയും സന്ദീപിന്റെയും വീട്ടിലേക്കുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിനിടെ സംഘർഷം ഉണ്ടായിരുന്നു. സന്ദീപിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്കുള്ള മാർച്ചിന് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് മൂന്നുവട്ടം ജലപീരങ്കി പ്രയോഗിച്ചു. വീടിന് സമീപം സുരക്ഷയ്‌ക്കായി സ്ഥാപിച്ച ബാരിക്കേഡ് മറിക്കാൻ ശ്രമിച്ചതോടെയാണിത്. പൊലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞതിനെ തുടർന്നാണ് ലാത്തിച്ചാർജ് ഉണ്ടായത്. സ്ഥലത്ത് സിപിഎം പ്രവർത്തകരും ഒത്തുചേർന്നിട്ടുണ്ട്. ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റുമാർക്ക് പരുക്കേറ്റു.